പയ്യന്നൂർ: പ്രമുഖ വാഗ്മിയും കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പി.അപ്പുക്കുട്ടൻ(85) അന്തരിച്ചു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലായിരുന്നു. അധ്യാപകൻ, സംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, സാഹിത്യ നിരൂപകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. 1996 മുതൽ അഞ്ചു കൊല്ലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായും പ്രവർത്തിച്ചു.
പുരോഗമന കലാ സാഹിത്യ പ്രസ്ഥാനത്തിന്‍റെ മുൻ സെക്രട്ടറിയും പ്രശസ്ത നിരൂപകനുമായ പി അപ്പുക്കുട്ടന്‍റെ നിര്യാണം പുരോഗമന സാംസ്കാരിക സമൂഹത്തിന് കനത്ത നഷ്ടമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം സന്ദേശത്തിൽ പറഞ്ഞു. മൗലികമായ രീതിയില്‍ സാഹിത്യ കൃതികളെ സമീപിപ്പിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നതില്‍ സവിശേഷമായ കഴിവുണ്ടായിരുന്നു പി അപ്പുക്കുട്ടന്. പുരോഗമന കലാ സാഹിത്യ സംഘത്തെ മികച്ച സംഘാടന പാടവത്തോടെ അദ്ദേഹം നയിച്ചു. പു.ക.സ യുടെ സന്ദേശം അതുവരെ എത്താത്ത മേഖലകളിലും ജനവിഭാഗങ്ങളിലും എത്തിക്കുന്നതില്‍ പ്രത്യേക ശ്രദ്ധവെച്ചു.
കേരള സംഗീത നാടക അക്കാദമിയുടെയും ഗ്രന്ഥശാലാ സംഘത്തിൻ്റെയും നേതൃത്വത്തിലിരുന്ന് പ്രവര്‍ത്തനങ്ങളെ ഗ്രാമതലങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിലും ശ്രദ്ധേയമായ രീതിയില്‍ ജനകീയമാക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. പ്രഭാഷകൻ, നാടക പ്രവർത്തകൻ എന്നീ നിലകളിലും അപ്പുക്കുട്ടൻ ശ്രദ്ധേയനായി. വിജ്ഞാനപ്രദമായ ഒട്ടനവധി പ്രബന്ധങ്ങളും കൃതികളും അദ്ദേഹത്തിന്‍റേതായുണ്ട്. അവ സമൂഹത്തെ നവോത്ഥാനപരമായ ഉള്ളടക്കത്തോടെ മുമ്പോട്ട് നയിക്കുന്നതില്‍ വരുംകാലത്തും വലിയ പങ്ക് വഹിക്കും. പി അപ്പുക്കുട്ടന്‍റെ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.