അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തി. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായിരുന്നു പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി എത്തിയത്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുമായും ബന്ധുക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ഗുജറാത്തിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിൽ ജീവനോടെ അവശേഷിച്ചത് ഒരാൾ മാത്രമാണ്. ബ്രിട്ടീഷ് പൗരനായ ഇന്ത്യൻ വംശജൻ വിശ്വാസ് കുമാർ രമേശ് മാത്രമാണ് ദുരന്തത്തെ അതിജീവിച്ച് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഇന്ന് പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസ് കുമാറുമായി ഏറെ നേരെ സംസാരിച്ചു. ആശുപത്രിയിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി വേഗം മടങ്ങി തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശേഷം വിശ്വാസ് കുമാർ ദൂരദർശൻ പ്രതിനിധിയോടും ആശുപത്രിയിൽ വെച്ച് സംസാരിച്ചു. ജീവനോടെ രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. “എല്ലാം എന്റെ കൺമുന്നിലാണ് സംഭവിച്ചത്. ഒരു നിമിഷം ഞാൻ മരിക്കാൻ പോവുകയാണെന്ന് തോന്നി. ജീവനോടെയുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല” – അദ്ദേഹം പറഞ്ഞു. വിമാനം പറന്നുയർന്ന് പത്ത് സെക്കന്റുകൾക്കകം തന്നെ തകർന്നുവീണുവെന്നും അദ്ദേഹം ആശുപത്രി കിടക്കയിൽ വെച്ച് പറഞ്ഞു. “ആദ്യമൊരിക്കൽ വിമാനം നിശ്ചലമായത് പോലെ തോന്നി. പിന്നീട് ലൈറ്റുകൾ ഓണായി. പിന്നീട് വിമാനം മുന്നോട്ട് നീങ്ങുകയും അൽപം കഴിഞ്ഞ് തകർന്നുവീഴുകയുമായിരുന്നു -വിശ്വാസ് കുമാർ രമേശ് പറഞ്ഞു. വിശ്വാസ് കുമാറിന്റെ ഇടത് കൈയിൽ പൊള്ളലേറ്റിട്ടുണ്ട്. എന്നാൽ വലിയ പരിക്കുകളൊന്നുമില്ല.
അഹമ്മദാബാദ് വിമാനദുരന്തം: 241 വിമാന യാത്രക്കാർ കൂടാതെ പ്രദേശവാസികളും മരണപ്പെട്ടു; മരണസംഖ്യ ഉയരുന്നു.