കോട്ടയം: ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ പോസ്റ്റർ പ്രിന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നടത്തിയ തയ്യാറെടുപ്പെല്ലാം വെറുതെയായി. സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ സീറ്റ് നിഷേധിക്കപ്പെട്ടതിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നിരാശ പ്രകടിപ്പിച്ചു. മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ ചിലവിട്ടാണ് പോസ്റ്ററും ഫ്ലക്സും ജോസഫ് വാഴയ്ക്കൻ തയ്യാറാക്കിയത്. ഏകദേശം 2000 പോസ്റ്ററുകളും 500 ഫ്ലക്സ് ബോർഡുകളുമാണ് തയ്യാറാക്കിയിരുന്നത്.
ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച് കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം സജീവമായ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഈ പ്രചരണ സാമഗ്രികളെല്ലാം പാഴായി. ഇതിൻ്റെ ഭാഗമായി സാമ്പത്തിക നഷ്ടവും ഉണ്ടായി. കഴിഞ്ഞ ബുധനാഴ്ച 250-ഓളം പ്രവർത്തകരെ പങ്കെടുപ്പിച്ച് നിയോജക മണ്ഡലം കമ്മിറ്റി യോഗവും അദ്ദേഹം വിളിച്ചുചേർത്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് വരികയായിരുന്ന അദ്ദേഹത്തിന് സീറ്റ് ഇല്ലെന്ന കാര്യം ഇന്നലെ രാത്രി പട്ടിക പ്രഖ്യാപനത്തോടെയാണ് ഉറപ്പായത്. നാട്ടകം സുരേഷാണ് ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
ഏറ്റുമാനൂർ സീറ്റ് ശ്രദ്ധിക്കണം എന്ന് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് അവിടെ സജീവമായത്. സ്ഥാനാർഥിത്വത്തിൽ ഒറ്റപേര് മാത്രമേയുള്ളു എന്ന് നേതൃത്വം അറിയിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനം വളരെയേറെ മുന്നോട്ട് പോയിരുന്നു. അവസാന നിമിഷം തീരുമാനം മാറ്റുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് നേതൃത്വത്തോട് പ്രകടിപ്പിച്ചു എന്നത് സത്യമാണ്, എന്നാൽ അത് പാർട്ടിയുടെ മുന്നോട്ട് പോക്കിന് തടസ്സമാകില്ല. പിണറായി ഭരണത്തിൽനിന്ന് കേരളത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള യാത്രയിൽ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണിത്. യുഡിഎഫ് മുന്നണിക്കായി ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


