ഒരു സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കുന്നതിനായി 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർടിഒ) ടിഎം ജെഴ്‌സൺ വിജിലൻസ് പിടിയിലായി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VSCB) നടത്തിയ പരിശോധനയിൽ ഇടപ്പള്ളിയിലെ അപ്പാർട്ട്മെന്റിൽ നിന്ന് 74 മദ്യക്കുപ്പികളും അനധികൃത പണവും കണ്ടെത്തി.
ഫോർട്ട് കൊച്ചി-ചെല്ലാനം റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസിന്റെ പെർമിറ്റ് പുതുക്കുന്നതിനായി ജെഴ്‌സൺ 25,000 രൂപയും ഒരു കുപ്പി വിദേശമദ്യവും ആവശ്യപ്പെട്ടതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ബുധനാഴ്ച ഇയാൾ കൈക്കൂലി സ്വീകരിക്കുന്നതിനിടെ വിജിലൻസ് സംഘത്തിൻ്റെ കൈയിൽ വീഴുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ബുധനാഴ്ചയും വ്യാഴാഴ്ചയും വിജിലൻസ് ടീം ജെഴ്‌സന്റെ ഇടപ്പള്ളി ഫ്‌ളാറ്റിൽ റെയ്ഡ് നടത്തി. ലക്ഷക്കണക്കിന് വിലവരുന്ന വിവിധ ബ്രാൻഡുകളുടെ 74 മദ്യക്കുപ്പികൾ ഉദ്യോഗസ്ഥർ കണ്ടെത്തി. നിയമപരമായ പരിധിക്ക് പുറത്ത് മദ്യം കൈവശം വച്ചതിന് പൊലീസ് വ്യാഴാഴ്ച ജോൺസനെതിരെ കേസെടുത്തു.
ജെഴ്‌സനോടൊപ്പം കൺസൾട്ടന്റുമാരായ ഫോർട്ട്കൊച്ചി സ്വദേശനി രാമപ്പടിയാർ, മരട് സ്വദേശിയായ സജി എന്നിവരെയും വിജിലൻസ് അറസ്റ്റു ചെയ്തിട്ടുണ്ട്, ഇവർ കൈക്കൂലി ഇടപാടിൽ പ്രത്യക്ഷ പങ്ക് വഹിച്ചവരാണ്. മദ്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കു എക്സൈസ് വകുപ്പും തുടർനടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കി. നേരത്തെയും കൈക്കൂലി കേസുകളിൽ പ്രതിയായിരുന്നോ എന്നത് സംബന്ധിച്ചും വിജിലൻസ് കൂടുതൽ അന്വേഷണം നടത്തും.
ടിഎം ജെഴ്‌സന്റെ അറസ്റ്റ് ആർടിഒ ഓഫീസുകളിലെ അഴിമതിക്കെതിരെ ശക്തമായ മുന്നറിയിപ്പാണ്. സർക്കാരിന്റെ അഴിമതി വിരുദ്ധ നടപടികൾക്കിടയിൽ ഇത്തരം സംഭവങ്ങൾ വലിയ വെല്ലുവിളിയായി തുടരുന്നുണ്ടെന്ന് വിജിലൻസ് അധികൃതർ അഭിപ്രായപ്പെട്ടു.