ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പുൽവാമ വനത്തിനുള്ളിൽ നിന്ന് മലയാളി യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കറുവാൻതൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ കേരളാ പോലീസ് ശേഖരിച്ചു . മണ്ണാർക്കാട് ഡിവൈഎസ്പി സന്തോഷിന്റെ നിർദേശപ്രകാരമാണ് സ്വഭാവിക നടപടികളുടെ ഭാഗമായി വിവരങ്ങൾ ശേഖരിച്ചത്.
ബംഗളൂരുവിൽ ഇലക്ട്രിക് ജോലികൾ ചെയ്‌തു വരികയായിരുന്നു മുഹമ്മദ് ഷാനിബ്. ചൊവ്വാഴ്‌ച രാത്രിയാണ് ഷാനിബിന്റെ മൃതദേഹം കണ്ടെത്തിയതായി ഗുൽമാർഗ് സ്റ്റേഷനിൽ നിന്ന് കുടുംബത്തെ അറിയിച്ചത്. അതേസമയം ബംഗളൂരുവിൽ ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഷാനിബ് വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ അറിയിച്ചു. വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവിലേക്കെന്ന് പറഞ്ഞ് പോയ യുവാവ് എങ്ങനെ പുൽവാമയിലെത്തി എന്നത് ഉൾപ്പെടെ ഇനിയും അജ്ഞാതമാണ്.
ഷാനിബിൻ്റെ ബന്ധുക്കളോട് പുൽവാമയിലെത്താൻ അധികൃതർ അറിയിച്ചിട്ടുണ്ട്. വിദേശത്തുള്ള പിതാവും സഹോദരൻ ഷിഹാബും ബുധനാഴ്ച വൈകീട്ടോടെ നാട്ടിലെത്തി. മരിച്ചത് ഷാനിബ് തന്നെയാണോ എന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധുക്കളോട് തൻമാർഗ് സ്‌റ്റേഷനിലെത്തിച്ചേരാനാണ് പോലീസ് നിർദേശിച്ചിട്ടുള്ളത്.
ഷാനിബിൻ്റെ മരണത്തിന് പഹൽഗാം ഭീകരാക്രമണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം നടന്നത്. 26 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.