പാലാ: പി.സി. ജോർജിന്റെ പ്രസംഗം വീണ്ടും വിവാദക്കുരുക്കില്‍. ഈരാറ്റുപേട്ടയിൽ കണ്ടെത്തിയ വൻ സ്ഫോടക ശേഖരം കേരളം മുഴുവന്‍ നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും മീനച്ചിൽ താലൂക്കിൽ നിന്ന് 400-ലേറെ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി ഒരുവിഭാഗം തട്ടി കൊണ്ടുപോയെന്നും പി.സി.ജോർജ് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.
ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയിൽ പറയുന്നു.
ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റിയും പാലാ പൊലീസിൽ പരാതി നൽകി.
ലഹരി മാഫിയക്കെതിരെ നടപടികൾ ആവശ്യപ്പെട്ട് കെസിബിസി ടെംപറൻസ് കമ്മിഷൻ സംഘടിപ്പിച്ച ലഹരിവിരുദ്ധ സമ്മേളനത്തിലാണ് പി.സി ജോർജിന്റെ വിവാദ പ്രസംഗം. നാർക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്നും ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെകൂട്ടണമെന്നും അതല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നും പി.സി ജോർജ് പറയുന്നു. ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി സി ജോർജ് പ്രസംഗത്തില്‍ പറഞ്ഞു. മുസ്‌ലിം പെൺകുട്ടികൾ വഴിപിഴച്ച് പോകുന്നില്ല അവരെ പതിനെട്ട് തികയുമ്പോഴെ പിടിച്ചുകെട്ടിക്കുകയാണ്. നമ്മളോ 28, 29 ആയാലും വല്ല ശമ്പളവും കിട്ടുന്നവരാണെങ്കിൽ കെട്ടിക്കില്ല. ആ ശമ്പളം ഇങ്ങ് പോരട്ടെ എന്നാണ് നിലപാട്. അതാണ് പ്രശ്‌നമെന്നും പി.സി ജോർജ് പറഞ്ഞു.
ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ച് പി.സി. ജോർജിനെതിരെ ഈരാറ്റുപേട്ട നഗരസഭ കമ്മിറ്റിയാണ് പരാതി നൽകിയിരുന്നത്. അറസ്റ്റിലായ പി.സി. ജോർജിന്റെ റിമാൻഡ് കാലാവധി ഇന്നലെ വരെയായിരുന്നു. ആശുപത്രിയിൽ കഴിഞ്ഞ ജോർജ് ഇതിനിടെ ജാമ്യം നേടുകയായിരുന്നു. മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തില്‍ കഴിയുന്ന പിസി ജോർജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയത്.


