ഇന്ത്യയുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ പാക്കിസ്ഥാൻ സൈന്യത്തിൽ ഭിന്നതയെന്ന് റിപ്പോർട്ട്. സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികൾക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ഷംഷദ് മിർസ സൈനികമേധാവിസ്ഥാനം ഏറ്റെടുത്തെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
പാക്കിസ്ഥാൻ നടത്തിയ പ്രകോപനങ്ങൾക്കു പിന്നാലെ കനത്ത ആക്രമണമാണ് ഇന്ത്യ ഇന്നലെ രാത്രി നടത്തിയത്. തലസ്ഥാനമായ ഇസ്‌ലാമാബാദിലും തുറമുഖനഗരമായ കറാച്ചിയിലും അടക്കം ഇന്ത്യൻ സേനകൾ ആക്രമണം നടത്തിയെന്നാണ് വിവരം. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകൾ മാത്രം അകലെ സ്ഫോടനമുണ്ടായെന്നും ഇത് മിസൈൽ ആക്രമണമാണെന്നും റിപ്പോർട്ടുണ്ട്. ഷരീഫിനെ വസതിയിൽനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതിനിടെ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ സർക്കാരിനെതിരെ തെരുവിലിറങ്ങി. പാക്കിസ്ഥാനിൽ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെ ലാഹോറിലാണ് തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് ആവശ്യം.
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യഘട്ടത്തിനു ശേഷം സംയമനം പാലിച്ച ഇന്ത്യയ്ക്കുനേരെ തുടർച്ചയായി പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാനു ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സേന നൽകിയത്. തലസ്ഥാനമായ ഇസ്ലാമാബാദ്, ലഹോർ, കറാച്ചി, പെഷാവർ, സിയാൽകോട്ട് തുടങ്ങി 12 ഇടങ്ങളിൽ ഇന്ത്യ കനത്ത ആക്രമണം നടത്തി. കനത്ത ഡ്രോണാക്രമണം നടത്തിയതിനൊപ്പം പാക് തുറമുഖമായ കറാച്ചിയില്‍ ഇന്ത്യൻ നാവിക സേനയും ആക്രമണം നടത്തി. ഇതോടെ പാക്കിസ്ഥാൻ അക്ഷരാർഥത്തിൽ നടുങ്ങി.
അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിൽ ഷെല്ലാക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടിട്ടുണ്ട്. അതിർത്തിയിലെ പാക് പോസ്റ്റുകള്‍ ലക്ഷ്യമിട്ട് കരസേന ആക്രമണം തുടങ്ങിയതായും വിവരമുണ്ട്.
അതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം ‘അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ല’ എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു വാൻസിന്റെ പരാമർശം. ഇന്ത്യയോടും പാക്കിസ്ഥാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്യാൻ സാധിക്കുക എന്ന് വാൻസ് പറഞ്ഞു. ഇതൊരു പ്രാദേശിക യുദ്ധത്തിലേക്കോ ഒരു ആണവ സംഘര്‍ഷത്തിലേക്കോ നീങ്ങില്ല എന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ഇപ്പോള്‍ അങ്ങനെ സംഭവിക്കില്ലെന്നാണ് കരുതുന്നതെന്നും വാന്‍സ് പറഞ്ഞു.
പാകിസ്ഥാനിൽ ആഭ്യന്തരകലാപം, ബിഎൽഎ ക്വറ്റ പിടിച്ചെടുത്തു; പ്രമുഖർ പാക്കിസ്ഥാൻ വിട്ടോടുന്നു.