ന്യൂഡൽഹി: പടിഞ്ഞാറൻ അതിർത്തിയിൽ ഡ്രോണുകളും ദീർഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരിച്ചടിയെന്നോണം പാക്കിസ്ഥാൻ്റെ സൈനിക കേന്ദ്രങ്ങളിൽ നിയന്ത്രിതവും കൃത്യവുമായി ഇന്ത്യ തിരിച്ചടി നൽകിയിട്ടുണ്ട്. റഫീഖി, മുറീദ്, ചക്ലാല, റഹീം യാർ ഖാൻ, സുകൂർ എന്നിവിടങ്ങളിൽ യുദ്ധവിമാനങ്ങളിൽനിന്ന് എയർലോഞ്ച് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി. പസ്‌രൂരിലെ റഡാർ സ്റ്റേഷൻ, സുക്കൂർ, ചുനിയ എന്നീ സൈനിക കേന്ദ്രങ്ങൾ, സിയാൽകോട്ട് വ്യോമയാന കേന്ദ്രം എന്നിവിടങ്ങളിലും കൃത്യതയോടെ ഇന്ത്യ ആക്രമണം നടത്തി.
ശ്രീനഗർ മുതൽ നലിയ വരെയുള്ള 26 സ്‌ഥലങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്താൻ ശ്രമം നടത്തി. ഇവയെ ഇന്ത്യൻ സൈന്യം വിജയകരമായി പ്രതിരോധിച്ചു. ശ്രീനഗറിലെ ആർമി മെഡിക്കൽ സെന്‍ററുകളും സ്കൂളും പാക്കിസ്ഥാൻ ഉന്നമിട്ടു. ഉധംപുർ, പഠാൻകോട്ട്, ആദംപുർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്‌ടങ്ങളും സൈനികർക്ക് പരുക്കുമേറ്റിട്ടുണ്ട്. എല്ലാ ആക്രമണങ്ങളും ശക്തമായി ഇന്ത്യ ചെറുത്തുവെന്നും വിദേശ പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക്ക് രീതി ഭീരുത്വമാണ്. ഇന്ത്യൻ വ്യോമത്താവളങ്ങളെല്ലാം സുരക്ഷിതമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സിർസ, സൂരത്ഗഢ്, ആദംപൂർ അടക്കം എല്ലാ വിമാനത്താവളങ്ങളുടെയും ടൈം സ്റ്റാമ്പ് ഫോട്ടോകൾ കാണിച്ച സൈന്യം റൺവേകൾ അടക്കം സുരക്ഷിതമാണെന്നും വ്യക്തമാക്കി. S 400 സൂക്ഷിച്ച ഇടം, ബ്രഹ്മോസ് ഫസിലിറ്റി എന്നിവ നശിപ്പിച്ചെന്ന് വ്യാജപ്രചാരണം പാക്കിസ്ഥാൻ നടത്തുന്നു. ഇത് പൂർണമായും ഇന്ത്യ തള്ളിക്കളയുകയാണ് എന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഘർഷം അടുത്തതലത്തിലേക്ക് എത്തിക്കാൻ ഇന്ത്യയുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവില്ല. പാക്കിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യംവച്ച് മുന്നോട്ടുനീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണങ്ങൾ വർധിപ്പിക്കാൻ വേണ്ടിയാകും ഇത്. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘ബുൻയാനു മർസൂസ്’: ഇന്ത്യയ്‌ക്കെതിരെയുള്ള സൈനിക നീക്കത്തിനു പേര് പ്രഖ്യാപിച്ച് പാക്കിസ്ഥാൻ