Sunday, August 31, 2025
Mantis Partners Sydney
Home » പഞ്ചാഗ്നിയിലെ ടേപ്പ് റെക്കോർഡർ വീട്ടിലെത്തിയ കഥ
പഞ്ചാഗ്നിയിലെ ടേപ്പ് റെക്കോർഡർ വീട്ടിലെത്തിയ കഥ

പഞ്ചാഗ്നിയിലെ ടേപ്പ് റെക്കോർഡർ വീട്ടിലെത്തിയ കഥ

എൻ്റെ എംടി - ഭാഗം 7

by Editor

ഇഷ്ടപ്പെട്ട ഒരു സിനിമാപ്പാട്ടിൻ്റെ വരികൾ ഒരാൾ എത്ര തവണ മന്ത്രിച്ചിട്ടുണ്ടാവാം ? അതിൻ്റെ ആയിരം ഇരട്ടി ഞാൻ ഒരു ഈരടി മനസ്സിൽ താലോലിച്ച് നടന്നിട്ടുണ്ട്.

സാഗരങ്ങളേ, പാടിയുണർത്തിയ
സാമഗീതമേ,
സാമസംഗീതമേ
ഹൃദയസാഗരങ്ങളേ …..

പോരൂ, നീയെൻ
ലോലമാമീ
ഏകതാരയിൽ
ഒന്നിളവേൽക്കൂ …..

ആ പാട്ടിൻ്റെ രചനയിൽ ഓഎൻവി രണ്ട് അന്വയ സാധ്യതകൾ തുറന്നിടുന്നുണ്ട് –
സാഗരങ്ങളേ, എന്ന് ദീർഘമായാൽ സാമഗീതമായി പാടിയുണർത്തുന്നത് സാഗരങ്ങൾ തന്നെയാണ് .
അതല്ല, സാഗരങ്ങളെ എന്ന് ഹ്രസ്വമായാലോ?
ഉണർത്തുന്നത് സാമഗീതവും ഉണർന്നത് സാഗരങ്ങളുമാണ്.

പിന്നെ കവി, ഹൃദയങ്ങളെയാണ് സാഗരങ്ങളാക്കുന്നത്. ഹൃദയത്തെ സംഗീതമാണോ ഉണർത്തുക? അല്ല, സംഗീതത്തെ ഹൃദയമോ?
തീരുമാനിക്കപ്പെട്ട അർത്ഥത്തിന് പിടി തരാത്ത ഒരു വാഗീണമാസ്മരികത ഈ വരികളിലുണ്ട്. പാട്ട് എഴുതിക്കാണുന്നത് സാഗരങ്ങളേ എന്നാണ്. എന്നാൽ യേശുദാസ് പാടുന്നത് സാഗരങ്ങളെ എന്നും.

സിനിമയിൽ ഇന്ദിരയുടെയും റഷീദിൻ്റെയും സംഗമനിമിഷങ്ങൾക്ക് പശ്ചാത്തലമായാണ് പാട്ട് വരുന്നത്.

കുറച്ച് മ്യൂസിക് കേൾക്കണോ എന്ന് ചോദിച്ച് റഷീദ് ടേപ്പ് റെക്കോർഡർ ഓൺ ചെയ്യുന്നു. രവി ബോംബെയുടെ വേറിട്ട സംഗീതം ആദ്യമായി മലയാളത്തിൻ്റെ കാതുകളിൽ തുളുമ്പിയ നിമിഷം.

പിൻനിലാവിൻ്റെ പിച്ചകപ്പൂക്കൾ തുന്നിയ ശയ്യാതലവും കന്നിമണ്ണിൻ്റെ ഗന്ധവും മദിച്ചു പാടുന്ന തെന്നലും നദിയുടെ മാറിലെ കൈവിരൽപ്പാടും രതിയുടെ സൗമ്യാനുഭൂതികൾ ഹൃദ്യമായി പകരുന്നുണ്ട്.
പാട്ട് ഒഴുകി വരുന്ന ആ ടേപ്പ് പല തവണ ദൃശ്യത്തിൽ വരുന്നു- ‘നാഷണൽ പാനാസോണിക്കിൻ്റെ ബ്ലാക്ക് ആൻ്റ് വൈറ്റ് മോണോ സെറ്റ്’.

ഇളം തലമുറയ്ക്ക് ഇന്നത്തെപ്പോലെ പോക്കറ്റിൽ കൊണ്ടുനടക്കാൻ പാകത്തിൽ മൊബൈൽ പാട്ടും സിനിമയുമില്ല അന്ന് ഞങ്ങൾക്ക്. ടീവിയും രംഗത്തെത്തിയിട്ടില്ല. മിക്ക വീടുകളിലെയും ഏറ്റവും പ്രിയപ്പെട്ട ആസ്വാദനോപാധി റേഡിയോ ആയിരുന്നു. ടേപ്പ് റെക്കോർഡർ സാമ്പത്തികമായി ഉയർന്നവരുടെയടുത്തേ ഉണ്ടായിരുന്നുള്ളൂ. മറു നാട്ടിലൊക്കെ ജോലി ചെയ്തു വരുന്നവർ വീടിന് സമ്മാനിക്കുന്ന വിശിഷ്ടോപഹാരമായിരുന്നു അത്.

പഞ്ചാഗ്നിയിലെ സാഗരങ്ങൾ കണ്ടും കേട്ടും, സ്വന്തമായി ഒരു ടേപ് റെക്കോർഡർ എന്ന എൻ്റെ മോഹത്തിന് ഒന്നു കൂടി ചിറക് മുളച്ചു. എന്നാൽ വീട്ടിലെ തട്ടി മുട്ടി പോകുന്ന സാമ്പത്തികാവസ്ഥയിൽ അത് ആവശ്യപ്പെടുക എന്നത് അന്യായമായി എനിക്ക് തന്നെ തോന്നി. വാങ്ങി സൂക്ഷിച്ച കാസറ്റ് അയൽ വീട്ടിലെ ടാപ്പിൽ കൊണ്ടിട്ട് പാട്ട് കേട്ട് തൃപ്തിപ്പെടേണ്ടി വന്നു തൽക്കാലം.

എങ്കിലും വർഷങ്ങളോളം ആ മോഹം എൻ്റെ ഉള്ളിൽ വാടാതെ കരിയാതെ ബാക്കിയായി. പത്തൊമ്പതാം വയസ്സിൽ ടീടീസി കഴിഞ്ഞ് ട്യൂട്ടോറിയലിൽ ക്ലാസെടുക്കുന്ന കാലത്ത് രണ്ട് മൂന്ന് മാസം കൊണ്ട് സ്വരുക്കൂട്ടിയ 400 രൂപയ്ക്ക് ഞാൻ നാട്ടിലെ റേഡിയോ റിപ്പയർ കടയിൽ നിന്ന് ഒരു സെക്കനാൻ്റ് ടേപ്പ് വാങ്ങി.

പഞ്ചാഗ്നിയിൽ മോഹൻലാൽ ഗീതയെ പാട്ട് കേൾപ്പിച്ച അതേ നാഷണൽ പാനാസോണിക്കിൻ്റെ മോണോ സെറ്റ്. അതിൽ, സാഗരങ്ങളേ വച്ച് കേട്ടപ്പോൾ ജീവിതത്തിൻ്റെ ഒരു ഘട്ടം സഫലമായതായി എനിക്ക് തോന്നി.

സിനിമാ ഗാനങ്ങളോടുള്ള (പ്രത്യേകിച്ച് 70 – 90 കാലഘട്ടത്തിലെ) ഒരിക്കലും തീരാത്ത ഈ പ്രണയത്തിലേക്ക് വഴി തെളിച്ചത് ഈ പഞ്ചാഗ്നിസാഗരങ്ങളും ഒപ്പം നഖക്ഷതഭാവ ഗാനങ്ങളുമാണ്.

സംഗീതവും സാഹിത്യവും സമന്വയിക്കുന്ന മലയാളത്തിൻ്റെ സിനിമാ ഗാനസംസ്കാരം ഓഎൻവി -യിലൂടെ ജ്വലിച്ചു നിന്ന 1980- 90 കാലഘട്ടം. ഇന്ന് അത് മിക്കവാറും നാമാവശേഷമായി.
തിരക്കഥയിലും ഗാനരചനയിലുമൊക്കെ സാഹിത്യം അലർജിയാവാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ പഞ്ചാഗ്നിയും നഖക്ഷതങ്ങളും ഒപ്പം ആരണ്യകവും വടക്കൻ വീരഗാഥയും വൈശാലിയും പ്രിയതരമായ നൊസ്റ്റാൾജിയയാവുന്നത്. എല്ലാത്തിൻ്റെയും തിരക്കഥ എംടിയും ഗാനരചന ഓഎൻവിയുമായിരുന്നു. ഈണം രവി ബോംബെ. ആരണ്യകം മാത്രം രഘുനാഥ് സേഥ് ബോംബെ.
രണ്ട് ഹിന്ദിക്കാർ വന്ന് മലയാളം പാട്ടുകളെ, മറക്കാൻ കഴിയാത്ത മധുരസ്മൃതികളാക്കിയതിന് എൻ്റെ കൗമാരം സാക്ഷി!

തുടരും..

പ്രകാശൻ കരിവെള്ളൂർ

നീറുന്ന, മായാത്ത നഖക്ഷതങ്ങൾ

Send your news and Advertisements

You may also like

error: Content is protected !!