അബുജ: നൈജീരിയയിലെ ബൈനുവിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ട് ചെയ്‌തു. വെള്ളിയാഴ്‌ച രാത്രി ആരംഭിച്ച ആക്രമണം ശനിയാഴ്‌ച പുലർച്ചെ വരെ തുടർന്നെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. നിരവധി പേർക്ക് പരിക്കേറ്റെന്നും നിരവധി പേരെ കാണാതായെന്നും പോസ്റ്റിൽ പറയുന്നു. നോർത്ത് സെൻട്രൽ നൈജീരിയയിലെ ഗുമ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ആയുധധാരികളുടെ ആക്രമണമുണ്ടായത്. തോക്കേന്തിയെത്തിയ സംഘം ഗ്രാമത്തിലുളളവർക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
‘ബെനുവിൽ ദിവസേനയെന്നോണം ഉണ്ടാകുന്ന രക്തച്ചൊരിച്ചിലുകൾ അവസാനിപ്പിക്കാൻ നൈജീരിയൻ അധികാരികൾ തയ്യാറാവണം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. ബെനുവിലുടനീളം നിരന്തരമായി നടക്കുന്ന ഇത്തരം ആക്രമണങ്ങൾ വൻ തോതിലുള്ള കുടിയിറക്കങ്ങൾക്ക് കാരണമാവുകയും ഭക്ഷ്യസുരക്ഷയെ വരെ ബാധിക്കുകയും ചെയ്യും. ഇരകളിൽ ഭൂരിഭാഗവും കർഷകരാണ്. അക്രമം തടയുന്നതിൽ നൈജീരിയൻ അധികാരികൾ പരാജയപ്പെടുന്നത് പ്രദേശത്തെ ജനങ്ങളുടെ ജീവനും ജീവിതത്തിനും ഭീഷണിയാവുകയാണ്. സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഇനിയും കൂടുതൽ ജനങ്ങളുടെ ജീവൻ നഷ്‌ടമാകും’ എന്നും ആംനസ്റ്റി ഇൻ്റർനാഷണൽ പങ്കിട്ട കുറിപ്പിൽ പറയുന്നു.
മധ്യ നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹം ജിഹാദി ഗ്രൂപ്പുകളിൽ നിന്നും കടുത്ത ഭീഷണിയാണ് നേരിടുന്നത്. തദ്ദേശീയ ക്രിസ്ത്യൻ ജനതയെ ഇല്ലാതാക്കി ഫലഭൂയിഷ്ഠമായ പ്രദേശം പിടിച്ചെടുക്കാനാണ് ഇവരുടെ ശ്രമം കഴിഞ്ഞ ഒരു മാസത്തിനിടെ നൈജിരയായിൽ വിവിധ ഭാഗങ്ങളിൽ മതഭീകരർ നടത്തിയ ആക്രമണത്തിൽ 400 ഓളം ക്രൈസ്തവർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.