കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ നിർദേശപ്രകാരം ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന് അംഗീകാരമാകുന്നതോടെ കരാർ ക്ഷണിച്ച് ഒരു വർഷത്തിനകം പൂർത്തിയാക്കുകയാണു ലക്ഷ്യം. സോളാർ പാടത്തിന് സമീപത്തായാണ് പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. ട്രാക്കിനു സമീപം ഇരുവശത്തും റെയിൽവേയുടെ ഭൂമി ലഭ്യമാണ്.
അത്താണി ജംക്‌ഷൻ – എയർപോർട്ട് റോഡിലെ മേൽപാലം കഴിഞ്ഞാകും പ്ലാറ്റ്ഫോം തുടങ്ങുക. 24 കോച്ച് ട്രെയിനുകൾ നിർത്താനാകുന്ന 2 പ്ലാറ്റ്ഫോമുകൾ നിർമിക്കും. 2 വന്ദേഭാരത് ട്രെയിനുകൾക്കും ഇന്റർസിറ്റി ട്രെയിനുകൾ ഉൾപ്പെടെയുള്ളവയ്ക്കും സ്റ്റോപ്പുണ്ടാകും. പ്ലാറ്റ്ഫോമിൽനിന്നു പുറത്തേക്കിറങ്ങുക റൺവേയുടെ അതിർത്തിയിലുള്ള ചൊവ്വര– നെടുവന്നൂർ– എയർപോർട്ട് റോഡിലേക്കാണ്. മേൽപാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ വിമാനത്താവളത്തിലെത്തും. ഈ റൂട്ടിൽ ഇലക്ട്രിക് ബസ് ഏർപ്പെടുത്താമെന്നു കൊച്ചി വിമാനത്താവള കമ്പനി അധികൃതർ (സിയാൽ) റെയിൽവേയെ അറിയിച്ചിട്ടുണ്ട്.
എയർപോർട്ട് യാത്രികർക്ക് വലിയ ആശ്വാസമാകുന്ന ദീർഘനാളത്തെ ആവശ്യമാണ് നടപ്പിലാകാൻ പോകുന്നത്. എയർപോർട്ട് സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ട്രെയിനിൽ എത്തുന്ന വിമാനത്താവളയാത്രികർക്ക് വലിയ ആശ്വാസമാകും. നിലവിൽ ആലുവ റെയിൽവേ സ്റ്റേഷനാണ് ഇവർ ഉപയോഗിക്കുന്നത്. ഇവിടെ നിന്ന് ടാക്സിയിൽ വേണം എയർപോർട്ടിലേക്ക് പോകാൻ. വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾക്ക് ആലുവയിൽ സ്റ്റോപ്പും ഇല്ല. വന്ദേ ഭാരതിൽ വരുന്നവർ എറണാകുളത്ത് ട്രെയിനിറങ്ങി എയർപോർട്ടിലേക്ക് മറ്റുമാർഗങ്ങൾ തേടേണ്ട അവസ്ഥയാണ് നിലവിലുള്ളത്.