Thursday, July 31, 2025
Mantis Partners Sydney
Home » നീറുന്ന, മായാത്ത നഖക്ഷതങ്ങൾ
നീറുന്ന, മായാത്ത നഖക്ഷതങ്ങൾ

നീറുന്ന, മായാത്ത നഖക്ഷതങ്ങൾ

എൻ്റെ എം ടി - ഭാഗം 8

by Editor

കൗമാരപ്രായക്കാരായ മൂന്ന് പുതുമുഖങ്ങളെ നായകൻ – നായികമാരാക്കി (വിനീത് – മോനിഷ – സലീമ ) ഒരു സിനിമ ഉണ്ടാക്കുക! അത് കേരളത്തിലെ തീയറ്ററുകളിൽ ഒരു വർഷക്കാലം തുടർച്ചയായി പ്രദർശിപ്പിക്കുക!!

ഒരിക്കലേ, ഇങ്ങനെയൊരു മഹാദ്ഭുതം ഇന്ത്യൻ സിനിമയിൽ തന്നെ സംഭവിച്ചിട്ടുള്ളൂ. അതാണ് എം ടി – ഹരിഹരൻ – ഓ എൻ വി – രവി ബോംബെ – ഷാജി – സെവൻ ആർട്ട്സ് ടീമിൻ്റെ നഖക്ഷതങ്ങൾ.

ഹൃദയരക്തത്തിൽ മുക്കി പ്രണയ ലേഖനമെഴുതാൻ കൊതിച്ച കൗമാരത്തിൻ്റെ കിനാവും കണ്ണീരും എന്നൊക്കെയായിരുന്നു പത്രത്തിൽ സിനിമയ്ക്ക് വന്ന ആദ്യ കാപ്ഷൻ. റേഡിയോപ്പരസ്യം ആ മൂന്ന് കഥാപാത്രങ്ങളെക്കുറിച്ചായിരുന്നു.

ഗ്രാമീണ നിഷ്കളങ്കതയുടെ ശാലീനനിറകുടമായ ഗൗരി,
നിശ്ശബ്ദതയുടെ നിനവുകളിൽ ഏതൊക്കെയോ വർണ്ണങ്ങൾ നെയ്ത ലക്ഷ്മി,
സ്വാർത്ഥമോഹങ്ങൾക്ക് മുന്നിൽ നിസ്സഹായനായ രാമു ……

പത്താം ക്ളാസ് പരീക്ഷയെഴുതി റിസൽട്ടിന് കാത്തു നിൽക്കുന്ന രാമു പിശുക്കനും ശുണ്ഠിക്കാരനുമായ അമ്മാവന് (തിലകൻ) ഗുരുവായൂരിൽ ഭജനമിരിക്കാൻ കൂട്ടു പോവുമ്പോൾ അവിടെ ഭജനത്തിന് വന്ന കവിയൂർ പൊന്നമ്മയുടെ കൂടെയുള്ള ഗൗരി എന്ന വേലക്കാരിയെ കാണുന്നു. രാമു രാമചന്ദ്രൻ വെള്ളാനോട് എന്ന പേരിൽ മാതൃഭൂമി ബാലപംക്തിയിൽ അപ്പോൾ അച്ചടിച്ചു വന്ന നവാതിഥി എന്ന കവിത അവളെ കാണിക്കുന്നു.
അവൾ അത് ഈണത്തിൽ പാടുന്നു .

മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി,
മഞ്ഞക്കുറിമുണ്ടു ചുറ്റി
ഇന്നെൻ്റെ മുറ്റത്ത്
പൊന്നോണപ്പൂവേ നീ
വന്നു ചിരി തൂകി നിന്നു ..
ചിത്രയുടെ മധുരാലാപനവും ഷാജിയുടെ കാൽപ്പനിക ചാരുതയാർന്ന ക്യാമറയും വിനീതിൻ്റെയും മോനിഷയുടെയും നിഷ്കളങ്കഭാവങ്ങളും ചേർന്ന് ആ ഗാനദൃശ്യത്തിന് കൈ വന്ന വശ്യത പറഞ്ഞറിയിക്കാൻ കഴിയില്ല.

ലുബ്ധനായ ഈ അമ്മാവൻ, തന്നെ കോളേജിലൊന്നുമയച്ച് പഠിപ്പിക്കില്ല. അതറിയുന്ന രാമു ചിത്രം, പാട്ട് എന്നിങ്ങനെ പല കമ്പങ്ങളുള്ള ഒരു നമ്പൂതിരിയുടെ (ഗായകൻ ജയചന്ദ്രൻ അവതരിപ്പിച്ച രസകരമായ കഥാപാത്രം – അജ്ഞാതൻ്റെ ഉയരാത്ത സ്മാരകത്തിലെ തിരുമേനിയെപ്പോലെ ) – അയാളുടെ ചങ്ങാത്തത്തിൽ തുടർ പഠനത്തിനായി മറ്റൊരു നാട്ടിൽ എത്തിച്ചേരുന്നു. അത് ഗൗരി ജോലിക്ക് നിൽക്കുന്ന വീട്ടിന് പരിസരത്താണ്.

കോളേജിൽ പീഡിസിക്ക് ചേർന്ന രാമു കുഴങ്ങി. കാരണം, തിരുമേനി അച്ഛൻ്റെ അസുഖവും പറഞ്ഞ് നാട്ടിലേക്ക് മടങ്ങി. രാമു, ഗൗരിയുടെ സഹായത്തോടെ അവളുടെ വീട്ടിലെ മറ്റൊരു വേലക്കാരനാവുന്നു.

വീട്ടുടമയായ അഭിഭാഷകൻ ജഗന്നാഥവർമ്മയ്ക്ക് ഊമയായ മകൾ ലക്ഷ്മി. നന്നായി ചിത്രം വരക്കുന്നവൾ.
ആ ചിത്രത്തെക്കുറിച്ച് രാമു തൻ്റെ അഭിപ്രായം രണ്ടു വരി കവിതയായി എഴുതി അറിയിക്കുന്നു –
ആരെയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ …

ചിത്രത്തിന് പകരം തന്നെ വാഴ്ത്തിയ രാമു ലക്ഷ്മിയുടെ മൗന വാചാലമാനസത്തിന് സമ്മാനിച്ചത് പ്രണയത്തിൻ്റെ ചിറകുകൾ. അത് മനസ്സിലാക്കിയ ജഡ്ജ് രാമുവിനെ മകളുടെ ഭാവിവരനായി കണക്ക് കൂട്ടി അവനെ ദത്തുപുത്രനെപ്പോലെ പരിചരിക്കുന്നു. അത് വെല്ലുവിളി ഉയർത്തിയത് രാമൂ- ഗൗരീബന്ധത്തിനാണ്. അതിൻ്റെ പേരിൽ പഴി കേൾക്കുന്നത് ഗൗരിയും.

ലക്ഷ്മിയെ കല്യാണം കഴിക്കാൻ ജഡ്ജ് പറയുമ്പോൾ രാമു ധർമ്മസങ്കടത്തിലാവുന്നു. അവൻ മനസ്സ് തുറന്നിട്ടും ആരും മനസ്സിലാക്കുന്നില്ല. തനിക്കു കിട്ടിയ പരിഗണനകളൊക്കെയും സ്വാർത്ഥപ്രേരിതമാണെന്ന് തിരിച്ചറിഞ്ഞ് തകർന്ന അവൻ ഒരു റെയിൽപ്പാളത്തിന് നടുക്കു കൂടി നടന്ന് മറയുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. പശ്ചാത്തലത്തിൽ കുതിച്ചെത്തുന്ന ട്രെയിനിൻ്റെ ഇരമ്പവും കേൾക്കാം. നടൻ വിനീതിനെ മലയാള മനസ്സിൽ പ്രതിഷ്ഠിച്ച കഥാപാത്രം – നഖക്ഷതങ്ങളിലെ രാമു.

വിനീതിനെ ഓർത്ത് കണ്ണീരൊഴുക്കുന്ന മോനിഷയും ശോകാകുലയായി വന്ന് അവളെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുന്ന സലീമയും. അവർ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്ന ആ ദൃശ്യം അന്ന് സിനിമ കണ്ട പ്രേക്ഷകരുടെ മനസ്സിനും സമ്മാനിച്ചൂ നീറുന്ന, മായാത്ത നഖക്ഷതങ്ങൾ.

തുടരും..

പ്രകാശൻ കരിവെള്ളൂർ

അവനെപ്പോലെയാകാൻ കൊതിച്ച് ഞാനും

Send your news and Advertisements

You may also like

error: Content is protected !!