ന്യൂ ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ആംആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിൽ ഇനി പ്രതീക്ഷയില്ലെന്നും എല്ലാ വിശ്വാസവും നഷ്ടമായെന്നും ചൂണ്ടിക്കാട്ടിയാണ് AAP എംഎൽഎമാർ പാർട്ടിവിട്ടത്. എന്നാൽ തിരഞ്ഞെടുപ്പിൽ ഇവർക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. നരേഷ് കുമാർ, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ എന്നീ എംഎൽഎമാരാണ് രാജിവെച്ചിരിക്കുന്നത്. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണൽ. യമുനാ നദിയിൽ ഹരിയാന വിഷം കലർത്തിയെന്ന കേജരിവാളിന്റെ പരാമർശം വലിയ തോതിൽ വിവാദമാവുകയും ആംആദ്മി പാർട്ടി വെട്ടിലാവുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടിക്ക് പുതിയ പ്രതിസന്ധി.
അതിനിടെ ദില്ലിയിലെ കുടിവെള്ളത്തിൽ ഹരിയാന സർക്കാർ വിഷം കലക്കിയെന്ന പ്രസ്താവനയിൽ തെരഞ്ഞടുപ്പ് കമ്മീഷന് മുന്നിൽ നേരിട്ടെത്തി അരവിന്ദ് കെജ്‍രിവാൾ മറുപടി നൽകി. അമോണിയയുടെ അളവിനെ സംബന്ധിച്ച് ദില്ലി ജല ബോർഡിന്റെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് മറുപടി. വിഷയത്തിൽ ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്‍രിവാൾ മറുപടിയിൽ ആരോപിച്ചു. രാവിലെ 11 മണിക്കുള്ളിൽ യമുനയിലെ കുടിവെള്ളത്തെക്കുറിച്ചുള്ള പ്രസ്താവന ശരിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നൽകണമെന്നായിരുന്നു കമ്മീഷന്റെ നിർദേശം. ഇതോടെയാണ് പഞ്ചാബ് ദില്ലി മുഖ്യമന്ത്രിമാർ, മറ്റു എഎപി നേതാക്കൾ എന്നിവർക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ നേരിട്ട് കെജ്‍രിവാൾ എത്തിയത്. ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ഇതിന് വ്യക്തമായ കണക്കുകൾ ഉണ്ടെന്നും കെജ്‍രിവാൾ സമർപ്പിച്ച മറുപടിയിൽ പറയുന്നു.
ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഹരിയാനക്കാർ യമുനയിൽ വിഷം കലർത്തിയെന്ന കേജരിവാളിന്റെ വിവാദപരാമർശത്തിന് ഡൽഹി-ഹരിയാന അതിർത്തിലെത്തി യമുനാ നദിയിലെ വെള്ളം കോരിക്കുടിച്ചാണ് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, കേജരിവാളിന് മറുപടി നൽകിയത്. നദീതീരത്ത് എത്തിയ അദ്ദേഹം യാതൊരു മടിയും കൂടാതെ കൈകളിൽ വെള്ളം കോരിയെടുത്ത് കുടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹിയെ വഞ്ചിച്ചവർ ആരാണെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ടെന്നും ആംആദ്മി പാർട്ടിയുടെ ഭരണം ഫെബ്രുവരി അഞ്ചോടെ അവസാനിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.