കോഴിക്കോട്: രാമനാട്ടുകരയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. മദ്യപാനത്തിനിടെ സ്വവർഗരതിക്ക് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് മലപ്പുറം വൈദ്യരങ്ങാടി സ്വദേശി ഇജാസ് പൊലീസിനോട് മൊഴി നൽകി. കൊല്ലപ്പെട്ടത് നീറാട് സ്വദേശി ഷിബിനാണെന്ന് വ്യക്തമായിട്ടുണ്ട്.
രാമനാട്ടുകര ഫ്ലൈഓവർ ജംഗ്ഷൻ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ചെങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. മുഖം തകർന്ന നിലയിലായതിനാൽ തുടക്കത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു. തുടർന്ന് പോലീസ് ശേഖരിച്ച CCTV ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഫറോക്ക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇജാസ് പിടിയിലായതും ചോദ്യം ചെയ്യലിനിടയിൽ ഇയാൾ കുറ്റസമ്മതം നടത്തിയതും.
പരിചയക്കാരായ ഇരുവരും സംഭവ ദിവസം ഒരുമിച്ചു മദ്യപിച്ചിരുന്നുവെന്നും, മദ്യപാനത്തിനിടെ ഷിബിൻ സ്വവർഗരതിക്ക് നിർബന്ധിച്ചുവെന്നും അതിനെതിരെ വന്നതിനാൽ തർക്കം ഉടലെടുത്തുവെന്നും ഇജാസ് മൊഴി നൽകി. പ്രകോപിതനായ ഇജാസ് സ്ക്രൂ ഡ്രൈവറുപയോഗിച്ച് ഷിബിനെ കുത്തി. മുറിവേറ്റ ഷിബിൻ പ്രതിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇജാസ് പറയുന്നു. ഇതോടെ ചെങ്കല്ല് ഉപയോഗിച്ച് ഷിബിന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നും ഇജാസ് മൊഴി നൽകി. കൊല ചെയ്ത ശേഷം പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ലഹരി സംഘങ്ങൾ താവളമാക്കിയ സ്ഥലമായതിനാൽ സംഭവസമയത്ത് ആരും ഇല്ലാതിരുന്നതായി നാട്ടുകാർ പറയുന്നു. ഇജാസിന്റെ സുഹൃത്തുക്കളായ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണമൊരുങ്ങുന്നുവെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.