Wednesday, July 23, 2025
Mantis Partners Sydney
Home » ദുരന്തനിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
മുഖ്യമന്ത്രി പിണറായി വിജയൻ

ദുരന്തനിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് പുനഃസ്ഥാപിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

by Editor

2005-ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരന്തബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവുകൾ നൽകാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകൾ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാർശ ചെയ്യാൻ അധികാരം നൽകുന്ന സുപ്രധാന വകുപ്പാണിത്. തികച്ചും മാനുഷികപരമായ പരിഗണനയോടെ നിയമത്തിൽ ഉൾപ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കനത്ത നഷ്ടം സംഭവിച്ച് ജീവിതം പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന ദുരന്തബാധിതർക്ക് വലിയ ആശ്വാസം നൽകുന്ന വ്യവസ്ഥയാണിത്. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു.

ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 2025 മാർച്ചിൽ വരുത്തിയ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പാണ് കേന്ദ്രസർക്കാർ ഭേദഗതി ചെയ്ത് ഒഴിവാക്കിയത്. ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17 -നാണ്. മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പി ഡി എന്‍ എ) നടത്തി വിശദമായ റിപ്പോര്‍ട്ട് 2024 നവംബര്‍ 13 -ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുമുണ്ട്. ഈ രണ്ട് അവസരത്തിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. എന്നാൽ വളരെ പിന്നീട്, 29-3-2025ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും നിയമം ഭേദഗതി ചെയ്തതിനാൽ ഇനി സഹായം നൽകാൻ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുകയാണ് കേന്ദ്ര സർക്കാർ.

ദുരന്ത ബാധിതരെ സഹായിക്കാനോ അവരുടെ വായ്പകൾ എഴുതിത്തള്ളാനോ കേന്ദ്ര സർക്കാർ തയ്യാറാവാതിരുന്നപ്പോഴായിന്നു കോടതി സ്വമേധയാ കേസെടുത്തത്. തുടക്കം മുതൽ ഈ വിഷയത്തിൽ കേരളത്തിനനുകൂലമായ നടപടിയെടുക്കണമെന്ന് കോടതി കേന്ദ്രത്തോട് അവശ്യപ്പെട്ടതാണ്. കേരളത്തെ സഹായിക്കാത്ത കേന്ദ്ര നിലപാടിനെതിരെ ആ ഘട്ടത്തിൽ കോടതിക്ക് പോലും രോഷത്തോടെ പ്രതികരിക്കേണ്ടിയും വന്നിരുന്നു. എന്നാൽ, കേരളത്തിന് ഒരു നയാപൈസ പോലും നൽകാതിരിക്കുന്നതിനു പുറമെ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തളളാതിരിക്കാൻ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യുന്ന തരത്തിലേക്ക് കേന്ദ്രം നീങ്ങിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് ഒരു സഹായവും ലഭിക്കരുത് എന്നതരത്തിലുള കേന്ദ്ര സർക്കാരിൻ്റെ സമീപനം പ്രകൃതി ദുരന്തത്തിൻ്റെ കഠിനമായ ആഘാതമേറ്റവരെയാകെ വിഷമിപ്പിക്കുന്നതാണ്. കോടതിയെ പോലും ഗൗനിക്കാത്ത ഈ നിലപാട് തിരുത്തണമെന്നതാണ് കേരളത്തിൻ്റെ വികാരം. അത് മുൻനിർത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

Send your news and Advertisements

You may also like

error: Content is protected !!