ദുബായ്: ദുബായ് വിമാനത്താവളത്തിന് സമീപം ഇറാൻ്റെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന്റെ പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും അണച്ചു. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിൽ ഇതുവരെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തി വച്ചു. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഇറാനുമായുള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്ക ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു അന്താരാഷ്ട്ര നാവിക സഖ്യം രൂപീകരിക്കാനാണ് പദ്ധതി. എണ്ണ ടാങ്കറുകൾക്കും മറ്റ് ചരക്ക് കപ്പലുകൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങൾ തടയുകയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. റിപ്പോർട്ടുകൾ പ്രകാരം, ഈ സഖ്യത്തിൽ ചേരുന്ന രാജ്യങ്ങൾ തങ്ങളുടെ സൈനിക കപ്പലുകൾ ഉപയോഗിച്ച് എണ്ണ ടാങ്കറുകൾക്കും മറ്റ് ചരക്ക് കപ്പലുകൾക്കും സുരക്ഷിതമായി കടന്നുപോകാൻ വഴിയൊരുക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നീക്കത്തിന് പല രാജ്യങ്ങളുടെയും സഹായം തേടുന്നുണ്ട്. ഏകദേശം ഏഴ് രാജ്യങ്ങളുമായി താൻ സംസാരിച്ചതായി ട്രംപ് അറിയിച്ചതായാണ് റിപ്പോർട്ട്.
ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായിച്ചേക്കുമെന്ന് യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വിഷയത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് റൈറ്റ് പറഞ്ഞു. യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, കൊറിയ, ചൈന, തായ്‌ലൻഡ്, ഇന്ത്യ എന്നിവയുടെ മൊത്തം ഊർജ വിതരണത്തിന്റെ ഒരു പ്രധാന ഭാഗം ഹോർമുസ് കടലിടുക്കിലൂടെയാണ് വരുന്നതെന്നും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ ലോകം ഒന്നിക്കുമെന്നും യു.എസിൻ്റെ ആ ലക്ഷ്യം നേടാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണയുണ്ടാകുമെന്നും റൈറ്റ് കൂട്ടിച്ചേർത്തു.
അതേസമയം ഇറാനും യു.എസ്, ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ തുടർച്ചയായി ഡ്രോണുകളും മിസൈലുകളും അയയ്ക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങളും യു.എസുമായി ബന്ധമുള്ള കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇറാൻ്റെ ആക്രമണങ്ങൾ. അബുദാബിയിൽ മിസൈൽ പതിച്ച് പലസ്തീൻ സ്വദേശി മരിച്ചു. വാഹനത്തിന് മേൽ മിസൈൽ വീഴുകയായിരുന്നു. ഇതോടെ ഇറാൻ ആക്രമണത്തിൽ യുഎയിലെ മരണം 7 ആയി.
സൗദിയിൽ കിഴക്കൻ പ്രവിശ്യക്ക് നേരെ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ 37 ഡ്രോണുകൾ പ്രതിരോധ സേന തകർത്തിരുന്നു. ഇറാൻ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദി അറേബ്യയും ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റും സൗദി കിരീടാവകാശിയും തമ്മിൽ ഇത് സംബന്ധിച്ച് ഫോണിൽ ചർച്ച നടത്തി. ഉടൻ സംഘർഷം അവസാനിപ്പിക്കണമെന്നും നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്നും ഇരുവരും ആഹ്വാനം ചെയ്തു.


