ആർഷ ഭാരതത്തിൻ്റെ അടിവേരുകൾ പതിഞ്ഞുകിടക്കുന്ന പുണ്യഭൂമിയായ ഹിമാലയംപോലെ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം നിറഞ്ഞുകിടക്കുന്ന പൈൻ മരക്കാടുകൾ, തടാക, പർവ്വതനിരകളുള്ള പ്രദേശങ്ങളാണ് കാശ്‌മീർ താഴ്‌വരകൾ. കാശ്‌മീരിലെ പഹൽഹാം മലമടക്കുകളിൽ മനം കവരുന്ന കാഴ്ചകൾ കണ്ടു് നടന്ന നിരപരാധികളായ 29 സഞ്ചാരികളെ മതം ചോദിച്ചുകൊണ്ട് ഭീകര ഭീരുക്കൾ കൂട്ടക്കൊലചെയ്‌തത് ലോകജനത ഞെട്ടലോടെയാണ് കണ്ടത്. അവർ വൈകാരികമായ ഐക്യദാർഢ്യം പ്രഖ്യാപിക്കയും ചെയ്‌തു. ദീർഘകാലമായി കശ്‌മീരിലെ ടൂറിസത്തിൽ കൂടി പട്ടിണിയില്ലാതെ ജീവിച്ച പാവം മുസ്ലിങ്ങളുടെ അന്നവും ഈ നാരദന്മാർ നരകതുല്യമാക്കി. പാക്കിസ്ഥാനെതിരെ ശക്തമായി അപലപിച്ചുകൊണ്ട് തെരുവീഥികളിൽ അവർ പ്രതിഷേധം നടത്തുകയും ചെയ്തു.
പാക്കിസ്ഥാനിൽ നായ്ക്കളെപോലെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലകളിൽ പരിജ്ഞാനം നേടേണ്ട യുവാക്കൾ പഠിക്കുന്നത് വെടിയുണ്ട മറ്റുള്ളവൻ്റെ നെഞ്ചിൽ എങ്ങനെ തുളച്ചു കയറ്റാം, ബോംബ് എങ്ങനെയുണ്ടാക്കാമെന്നുള്ള ബിരുദങ്ങളാണ് പാക്കിസ്ഥാൻ അധോലോക ഫാക്ടറികളിൽ പഠിപ്പിക്കുന്നത്. ആ ബിരുദം നേടിയവർക്ക് പത്തു ലക്ഷം മുതൽ ഒരു കോടിവരെ ശമ്പളമുണ്ട്. ഇവിടുത്തെ ബിരുദം നേടിയവരാണ് ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്ക് തൊഴിൽ തേടി പോയി ആ രാജ്യങ്ങളുടെ മനഃസമാധാനം തകർക്കുന്നത്. ഇന്ത്യയടക്കം ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണം ഇന്ത്യയിലേക്ക് ഒഴുകിയ നാൾ മുതലാണ് മതത്തെ ഒരു രാഷ്ട്രീയ ആയുധമായി മത മൗലികവാദികൾ ഉപയോഗിക്കുന്നത്. നാല്‌പത് വർഷങ്ങൾക്ക് മുമ്പ് മതത്തെ ഒരു രാഷ്ട്രീയ ആയുധമായി മത മൗലികവാദികൾ ഉപയോഗിക്കുന്നത്. നാല്‌പത് വർഷങ്ങൾക്ക് മുമ്പ് എല്ലാം മതവിശ്വാസികളും സഹോദരി സഹോദരങ്ങളെപോലെ ജീവിച്ച നാടുകളിൽ ഇന്ന് മതസ്‌പർദ്ധ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് മത രാഷ്ട്രീയ രംഗത്തുള്ളവരാണ്. അധികാരം പിടിച്ചെടുക്കാൻ മനുഷ്യന്റെ മാനസിക വളർച്ചയെ പിന്നിലാക്കി വോട്ട് വളർച്ചയുണ്ടാക്കി സമൂഹത്തെ അന്ധകാരത്തിലേക്ക് നയിക്കുന്നു. മനുഷ്യത്വമുള്ള മനുഷ്യർ ഇതെല്ലാം അത്ഭുതത്തോടെ കാണുന്നു. ഇന്ത്യ – പാക്കിസ്ഥാൻ – ബംഗ്ളാദേശിലെ ഭരണവർഗ്ഗം പുരോഹിതരെ കൂട്ടുപിടിച്ചു് അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി വർഗ്ഗീയതയുടെ വിഷവിത്തുകൾ പാകി അധോഗതിയിൽ നിന്ന് അധോഗതിയിലേക്ക് പോകുകയാണ്. സമത്വസുന്ദരമായൊരു നാട്ടിൽ മനുഷ്യരുടെ സഞ്ചാരസ്വതന്ത്ര്യത്തിനു നേരെ നടന്ന നരനായാട്ട് മതഭീകരത മാത്രമല്ല ലോകത്തെ വൻശക്തിയായി ഇന്ത്യ വളരുന്നതിലുള്ള പാക്കിസ്ഥാൻ്റെ അസൂയ, അസഹിഷ്‌ണത കൂടിയാണ്.
1978-ലും 1994-ലും ഞാൻ കാശ്‌മീരിൽ പോയിട്ടുണ്ട്. തടാക താഴ്‌വാരങ്ങളിൽ സദാ സൗന്ദര്യം വർഷിച്ചു് നിൽക്കുന്ന പൂക്കൾ ഇന്നും മനസ്സിലുണ്ട്. ഭീകരതയ്ക്ക് മതമില്ലെന്ന് പറയുമെങ്കിലും ഇവിടെ കണ്ടത് മതഭീകരതയാണ്. ആഫ്രിക്ക ഗൾഫ് പ്രദേശങ്ങളിൽ ഈ ഭീകരർ കൊന്നൊടുക്കുന്നത് ക്രിസ്‌ത്യനികളെയാണ്. അത് ചോദ്യം ചെയ്യുന്ന, എതിർക്കുന്ന മുസ്ലിങ്ങളെയും ഇവർ കൊല്ലാറുണ്ട്. പഹൽഹാമിൽ കുതിരപ്പുറത്തു സഞ്ചാരികളുമായി പോയ ഒരു പാവം കുതിരക്കാരൻ സഞ്ചാരികളെ കൊല്ലുന്നതിനെ എതിർത്തതിനാണ് വെടിവെച്ചു കൊന്നത്. യഥാർത്ഥ മുസ്ലിം ഇവരുടെ ഇരട്ട മുഖം തിരിച്ചറിയുന്നു. വിദ്യാസമ്പന്നരായ യുവതി യുവാക്കൾ ഈ സവർണ്ണ പൗരാഹിത്യ മതഭ്രാന്തിനെ ഇന്ത്യയിൽ ചോദ്യം ചെയ്യുമ്പോൾ പാക്കിസ്ഥാനിൽ ഈ ചോദ്യമുയരുന്നില്ല. അവരുടെ മുന്നിലും മരത്തിന് വളമിടുന്നതുപോലെ മത നിയമം പുരോഹിതർ നിവർത്തിപ്പിടിക്കും. അതിന് ഊർജ്ജം പകരാൻ രാഷ്ട്രിയക്കാരുണ്ട്. പഠന പുസ്‌തകമായാലും മതപുസ്‌തകമായാലും കാലത്തിനനുസരിച്ചു് പരിഷ്‌കരണം വേണമെന്നവർ വാദിക്കുന്നു. സത്യവും നീതിയും പുലരാൻ ആഗ്രഹിക്കുന്ന അറിവുള്ള മനുഷ്യർ മനുഷ്യാവകാശങ്ങൾ, സാമൂഹ്യ നീതി ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാൻ സാധിക്കുമോ?
ആദ്യ കാലങ്ങളിൽ കത്തോലിക്ക സഭ മാത്രമായിരുന്നു. അതിൽ നിന്ന് മാറി ഇന്ന് ലോകത്ത് നൂറിലധികം സഭകളുണ്ട്. അവരെയാണ് പുരോഗമനവാദികൾ എന്ന് വിളിക്കുന്നത്. ഓരോ മതത്തിലും മത പരിഷ്കരണവാദികൾ ആവശ്യമാണ്. എങ്കിൽ മാത്രമേ സ്വസിദ്ധമായി നമ്മൾ പഠിച്ചു വളർന്ന പരമ്പരാഗത വിശ്വാസങ്ങളെ സംസ്കരിക്കാനും പരിപോഷിപ്പിക്കാനും സാധിക്കു. മത ഭീകരത വളർത്തുന്ന ഈ കാട്ടാളന്മാർ ജീവിച്ചിരിക്കേണ്ടത് അഞ്ചാം നൂറ്റാണ്ടിലാണ്. അന്ന് പാപകർമ്മങ്ങൾ ചെയ്‌തത് അറിവില്ലായ്‌മമൂലമാണ്. മതങ്ങൾ ഇല്ലാതിരുന്ന കാലത്തും എല്ലാം ജീവജാലകങ്ങൾക്കും ഈ ബ്രഹ്മാണ്ഡകടാഹത്തിൽ സ്വന്തം ജീവൻ നിലനിർത്താനുള്ള അവകാശമുണ്ടായിരുന്നു. റോമൻ സാമ്പ്രാജ്യം ദൈവ ബിംബങ്ങളെയാണ് ആരാധിച്ചത്. അന്ന് നടന്ന നരബലി, മൃഗബലികളുടെ പിന്തുടർച്ചാവകാശം ഇന്നത്തെ മതപൊട്ടന്മാർ ഏറ്റെടുത്തിരിക്കുന്നു. മനുഷ്യർ ഈശ്വരചിന്തകൾ വളർത്താതെ മതങ്ങളെ വളർത്തിയ നാൾ മുതലാണ് മതഭീകരതയും അധികാരഭീകരതയും വളർന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിൻ്റെ മറവിൽ നിരപരാധികളെ കൊന്നൊടുക്കുന്ന ഈ പിശാചുക്കളുടെ തലയരിയാൻ ദൈവങ്ങളും എഴുന്നേറ്റിരിക്കുന്നു. കാശ്‌മീരിൽ നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്ത വേട്ടനായ്ക്കളുടെ തലയരിയാൻ ഇന്ത്യൻ ഭരണകൂട ദൈവങ്ങൾക്ക് സാധിക്കട്ടെ. ജനാധിപത്യവാദികൾ, യഥാർത്ഥ ഈശ്വര വിശ്വാസികൾ കൊലപാതകങ്ങളെ അംഗീകരിക്കില്ല. നിരായുധരായ കുറെ പാവം മനുഷ്യരുടെ ചോര വീഴ്ത്തിയതുകൊണ്ട് ഇന്ത്യയുടെ ആത്മാവിനെ തകർക്കാൻ സാധിക്കുമെന്നാണോ ഈ മരമണ്ടന്മാർ മനസ്സിലാക്കിയിരിക്കുന്നത്?
ഇന്ത്യയുടെ പ്രധാനമന്ത്രി ബിഹാറിൽ പ്രത്യാശാകരമായ ഒരു സന്ദേശമാണ് നൽകിയത്. ‘ഞാൻ ലോക ത്തോട് പറയുന്നു. നിരപരാധികളെ ആക്രമിച്ചവരെയും, അതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെയും അവരുടെ ഭാവനക്കപ്പുറം തിരിച്ചടിക്കും’. മാതൃഭൂമിയുടെ സംരക്ഷണം, ശത്രുവിനെതിരെയുള്ള പോരാട്ടം ഭരണവർഗ്ഗത്തിനാണ്. ജനിച്ച മണ്ണിനോട്, മാതാവിനോട് ആദരവില്ലാത്തവർ രാജ്യത്തിനെതിരെ നടത്തുന്ന കടന്നാക്രമണത്തെ വർഗ്ഗീയ വോട്ടിനുവേണ്ടി, ഉള്ളിൽ പതിഞ്ഞുകിടക്കുന്ന മത ഭ്രാന്തിന് വേണ്ടി സമൂഹത്തെ ഭിന്നിപ്പിക്കുന്നത് തിരിച്ചറിയണം. ജന്മനാടിൻ്റെ അസ്‌തിത്വത്തെ തിരിച്ചറിയാത്തവർ ഭരണത്തിലായാൽ പഹൽഹാമിൽ കണ്ടതു പോലെ സഞ്ചാരികൾ ഭയന്നോടും വെടിയേറ്റ് വീഴും. എല്ലാം തീവ്രവാദ രക്തച്ചൊരിച്ചിലും മാനവികതക്കെതിരാണ്. സങ്കുചിത താൽപര്യങ്ങൾക്കായി രാഷ്ട്രീയ പ്രവർത്തനമെന്ന പേരിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും ഭീകരതയാണ്. കാശ്‌മീർ ജനതയ്ക്ക്, സഞ്ചാരികൾക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കാത്ത, സുരക്ഷാ വീഴ്ച്ച വരുത്തിയ ഭരണകൂടങ്ങൾ ഇതിനെല്ലാം ഉത്തരവാദികളാണ്. സൂപ്പർ സോണിക്കായ ഇസ്രയേലിനു പോലും സുരക്ഷാവീഴ്‌ചയുണ്ടായത് ലോകം കണ്ടതാണ്. പാക്കിസ്ഥാനിലെ മോസ്‌കുകളിൽ മലവെള്ളപ്പാച്ചിൽ പോലെ രക്തമൊഴുകിയാലും, ഇന്ത്യയിൽ രക്ത സാക്ഷികളുണ്ടായാലും, മലയിളകി മറിഞ്ഞാലും മനം കുലുങ്ങാത്ത നരഭോജികളെ, അവർക്ക് ഓശാന പാടി ഒത്താശ ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷ നടപ്പാക്കണം. ഇന്ത്യയെ ഒറ്റികൊടുത്ത രാജ്യദ്രോഹിയുടെ കശ്‌മീരിലെ വീട് തകർത്തതുപോലെ പല വീടുകളും തകർക്കാനുണ്ട്.
ഭീകരത ഉല്പാദിപ്പിക്കുന്ന പാക്കിസ്ഥാൻ കരസ്ഥമാക്കിയ കാശ്‌മീർ മത ഭീകര ഫാക്ടറികൾ ഇന്ത്യ പിടിച്ചെടുക്കാതെ പാവപ്പെട്ട കാശ്‌മീർ ജനതയ്ക്ക് ശാന്തമായി ജീവിക്കാൻ സാധിക്കില്ല. മറ്റൊരു ശ്വാശ്വത മാർഗ്ഗം ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ചെയ്യുന്നതുപോലെ ലോകത്തിൻ്റെ പല ഭാഗങ്ങ ളിൽ ഒളിഞ്ഞിരിക്കുന്ന ഭീകരവർഗ്ഗത്തെ ഒളിയാക്രമണം നടത്തി മണ്ണിൽ നിന്ന് തുടച്ചുമാറ്റണം. പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച മത തീവ്രവാദികൾ ഇന്ത്യൻ മണ്ണിൽ നുഴഞ്ഞുകയറി നിരപരാധികൾക്ക് നേരെ തോക്ക് ചൂണ്ടുന്നത് ഇന്ത്യയുടെ വിരിമാറിലേക്ക് തുളച്ചുകയറുന്ന വെടിയുണ്ടകളാണ്. നയതന്ത്ര വിള്ളൽ മാത്രമല്ല ഇതോടെ കാശ്മീർ വിഷയം എന്നെന്നേക്കുമായി അവസാനിക്കണം. ചവുട്ടിയാൽ കടിക്കാത്ത പാമ്പുണ്ടോ?
കാരൂർ സോമൻ (ചാരുംമൂടൻ)