ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കേ, തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പൽ പാക്കിസ്ഥാൻ തുറമുഖത്തെത്തി. ടിസിജി ബ്യുകോദ (TCG Buyukada) എന്ന കപ്പലാണ് ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തിയത്. സൗഹൃദ സന്ദർശനം ആണെന്നാണ് പാക്കിസ്ഥാൻ അധികൃതരുടെ വിശദീകരണം. കപ്പല്‍ മേയ് ഏഴാം തീയതിവരെ കറാച്ചി തീരത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കി വ്യോമസേനയുടെ സി-130 എയര്‍ക്രാഫ്റ്റും കറാച്ചിയിലെത്തിയിരുന്നു. ഈയടുത്ത കാലത്തായി പ്രതിരോധ മേഖലയില്‍ പാക്കിസ്ഥാനും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തമാണ്. ഡ്രോണുകള്‍ പോലെയുള്ള സൈനിക ഉപകരണങ്ങള്‍ തുര്‍ക്കിയില്‍നിന്ന് പാക്കിസ്ഥാന് ലഭിക്കുന്നുണ്ട്.
26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ പ്രകോപനം തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയും രാവിലെയുമായി എട്ടിടങ്ങളിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇതിനിടെ, ഇന്ത്യ-പാക് സംഘർഷത്തിൽ വിശദമായ ചർച്ചയാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിനെ പാക്കിസ്ഥാൻ സമീപിച്ചിട്ടുണ്ട്.
പാക്കിസ്ഥാന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിവിധ സേനാവിഭാഗങ്ങളുടെ തലവന്മാരുമായും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ സെക്രട്ടറിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. കര, വ്യോമ, നാവിക സേനകൾ ഏത് അക്രമണത്തെയും പ്രതിരോധിക്കാനും തിരിച്ചടിക്കാനും സജ്ജമാണ് എന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. കശ്മീരിൽ ഭീകരർക്കായി 14-ാം ദിവസവും തെരച്ചിൽ തുടരുകയാണ്. അനന്ത്നാഗ് മേഖലയിലാണ് തെരച്ചിൽ. അതിർത്തിയിൽ ശക്തമായ സുരക്ഷാ വിന്യാസവും തുടരുന്നു. പാക്കിസ്ഥാൻ നിരന്തരം വെടിനിർത്തൽ കരാർ ലംഘിക്കുന്നതിനാൽ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്.
അതേസമയം, ജമ്മു കശ്മീരിലെ ജയിലുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണി ഉണ്ടായിട്ടുണ്ട്. നിരവധി ഭീകരർ തടവിൽ കഴിയുന്ന ശ്രീനഗർ സെൻട്രൽ ജയിൽ, കോട്ട് ബൽവാൽ ജയിൽ എന്നിവയ്ക്കാണ് ഭീഷണി. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട്, ജയിലിൽ ഉണ്ടായിരുന്ന നിസാർ, മുഷ്‌താഖ് എന്നീ ഭീകരരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഭീഷണി എത്തിയത് എന്നാണ് വിവരം. ജയിലുകളിൽ അധികൃതർ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഭീകരരെ സഹായിക്കുന്നവർക്കെതിരെ ജമ്മു കശ്മീർ പൊലീസ് നടപടികൾ കടുപ്പിച്ചു. 2800 പേരെ കസ്റ്റഡിയിലെടുത്തെന്ന് കശ്മീർ ഐജി വികെ ബിർദി അറിയിച്ചു. 90 പേർക്കെതിരെ പി എസ് എ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടപടികൾ തുടരുകയാണെന്നും ഐജി അറിയിച്ചു. ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും ഉന്നത ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.