Monday, March 23, 2026
Home » തിരുവാങ്കുളത്ത് കാണാതായ കുഞ്ഞിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.
തിരുവാങ്കുളത്ത് കാണാതായ കുഞ്ഞിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.

തിരുവാങ്കുളത്ത് കാണാതായ കുഞ്ഞിനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തി.

by Editor
Send your news and Advertisements

അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നര വയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കുഴി സ്വദേശി കല്യാണിയാണ് മരിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും സ്‌കൂബ ഡൈവിങ് സംഘവും രാത്രി വൈകിയും പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിലിനൊടുവിലാണ് മൂഴിക്കുളത്തെ കണ്ണീര്‍ക്കയമാക്കി പിഞ്ചോമനയുടെ മൃതദേഹം പുലർച്ചെ രണ്ടുമണിയോടെ ലഭിച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും വെളിച്ചക്കുറവും ഉണ്ടായിരുന്നുവെങ്കിലും വെല്ലുവിളികളെയൊക്കെ മറന്ന് ഉറക്കമില്ലാതെ നാടൊന്നാകെ തിരഞ്ഞ ശേഷമാണ് എല്ലാവരേയും ദുഃഖത്തിലാഴ്ത്തി കല്യാണിയുടെ ചേതനയറ്റ ശരീരം പുഴയില്‍ നിന്ന് ലഭിക്കുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും. താന്‍ തന്നെയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞതെന്ന് കുഞ്ഞിന്റെ അമ്മ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മുന്‍പും ഈ യുവതി മൂന്ന് വയസുകാരിയായ കല്യാണിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഒരിക്കല്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നു. അന്ന് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കരുതെന്ന് പറഞ്ഞു. മറ്റൊരു ദിവസം ടോര്‍ച്ച് കൊണ്ട് യുവതി കല്യാണിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ കുടുംബപ്രശ്‌നമായി കണ്ട് രണ്ട് സംഭവങ്ങളും അധികമാരും അറിയാതെ അവസാനിപ്പിച്ചുവെന്നും കുടുംബം പുത്തന്‍കുരിശ് പൊലീസിന് മൊഴി നല്‍കി.

കുറുമശ്ശേരിയില്‍ നിന്നും മൂന്നുമണിക്ക് അംഗന്‍വാടിയില്‍ ഉണ്ടായിരുന്ന കുട്ടിയെ വിളിച്ച് മാതാവ് ആലുവ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. ആലുവയിലുള്ള തന്റെ വീട്ടിലേക്ക് പോകുന്നതിനാണ് തിരുവാങ്കുളത്തുനിന്നും കുട്ടിയുമായി മാതാവ് ബസില്‍ സഞ്ചരിച്ചത്. മൂഴിക്കുളത്ത് വച്ച് ബസിറങ്ങി പാലത്തിനടുത്തേക്ക് നടന്ന ശേഷം യുവതി കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ആലുവ വരെ ബസിൽ കുട്ടി ഒപ്പമുണ്ടായിരുന്നുവെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു പറഞ്ഞത്. തുടർന്നാണു പൊലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജിതമാക്കിയത്.

നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്ന് തന്നെ യുവതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തിയേക്കും. കല്ല്യാണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

You may also like

error: Content is protected !!