കോഴിക്കോട്: താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ തലയ്ക്കു പരുക്കേറ്റ വിദ്യാർഥി മരിച്ചു. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണു മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകനാണ് മുഹമ്മദ് ഷഹബാസ്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ചത്. തലയ്‌ക്ക് ക്ഷതമേറ്റ വിദ്യാര്‍ഥി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
താമരശ്ശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിനുസമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം. ഞായറാഴ്ച ട്യൂഷൻ സെന്ററിൽ യാത്രയയപ്പ് ചടങ്ങ് നടന്നിരുന്നു. ഇതിനിടെ നടന്ന ഡാൻസുമായി ബന്ധപ്പെട്ട് വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താമരശ്ശേരി കൊരങ്ങാട് സ്കൂളിലെ കുട്ടികളും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയായിരുന്നു.
ട്യൂഷൻ സെന്റർ വിദ്യാർഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്നു പിതാവ് സ്ഥിരീകരിച്ചിട്ടുണ്ട്. പുറമേ കാര്യമായ പരുക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛർദിച്ചതോടെയാണ് വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നില വഷളായതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. താമരശ്ശേരി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളായ 5 പേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി.