വാഷിങ്ടൺ: അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് ഡോണൾഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിൾ കൈയ്യിൽ കരുതിയാണ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്തു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ജോർജ് ബുഷ്, ബരാക് ഒബാമ, ഹിലരി ക്ലിൻൺ, ശതകോടീശ്വരന്മാരായ ഇലോൺ മസ്‌ക്, മെറ്റ സി ഇ ഒ മാർക് സക്കർബെർഗ്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, ആപ്പിൾ സി ഇ ഒ ടിം കുക്ക്, ഓപ്പൺ എ ഐ സി ഇ ഒ സാം ആൾട്ട്മാൻ, ആൽഫബെറ്റ് സി ഇ ഒ സുന്ദർ പിച്ചെ, ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ചടങ്ങിനെത്തിയത്.
അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ കന്നി പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളികൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യുഎസ്–മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കും. എല്ലാ അനധികൃത കുടിയേറ്റവും അടിയന്തരമായി തടയും. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും. അമേരിക്കയെ ഞാൻ ഒന്നാമതെത്തിക്കും. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. ഇന്നുമുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും. ആത്മവിശ്വാസത്തോടെയും ശുഭപ്രതീക്ഷയോടെയുമാണ് തിരിച്ചുവരുന്നത്. രാജ്യത്തിന്റെ വിജയത്തിലേക്കുള്ള ത്രസിപ്പിക്കുന്ന പുതിയ യുഗത്തിന്റെ തുടക്കമാണിത്. രാജ്യത്തെ വിലക്കയറ്റവും ഇന്ധനച്ചെലവ് വർധിക്കുന്നതും തടയാൻ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും നിർദേശം നൽകും. ഇതിനായി ദേശീയ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. എല്ലാ സെൻസർഷിപ്പും അവസാനിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള എക്സിക്യുട്ടിവ് ഉത്തരവിൽ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
സ്ത്രീകളും പുരുഷന്മാരും എന്ന രണ്ട് ലിംഗവിഭാഗങ്ങളേ ഉണ്ടാകൂവെന്നും ട്രാൻസ്ജെൻഡർ ഇനിയില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. ലോകസമാധാനം ഉറപ്പാക്കും. അധികാരത്തിലേക്ക് താൻ തിരിച്ചെത്തുന്നതിൻ്റെ തലേദിവസം മധ്യേഷ്യയിൽ ബന്ദികൾ സ്വതന്ത്രരായത് ഇതിൻ്റെ ഭാഗമാണ്. ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് ഗൾഫ് ഓഫ് അമേരിക്ക എന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാനമ കനാൽ പാനമയിൽ നിന്ന് തിരിച്ചെടുക്കുമെന്ന പ്രഖ്യാപനം സത്യപ്രതിജ്ഞാവേദിയിൽ ട്രംപ് ആവർത്തിച്ചു. കനാലുമായി ബന്ധപ്പെട്ട കരാർ പാനമ ലംഘിച്ചതിനാൽ ആ സമ്മാനം തിരിച്ചെടുക്കും. ചൈനയാണ് കനാൽ കനാൽ നിയന്ത്രിക്കുന്നതെന്ന വാദം ട്രംപ് വീണ്ടും ഉന്നയിച്ചു. വിദേശത്തെ അതിർത്തികൾ സംരക്ഷിക്കാൻ പരിധിയില്ലാത്ത സഹായം ചെയ്ത മുൻ സർക്കാർ അമേരിക്കൻ അതിർത്തി സംരക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നും ട്രംപ് പറഞ്ഞു.