സന: ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ഇസ്രായേൽ ആക്രമണം. സനയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽനിന്ന് ടെഡ്രോസും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. യെമനിലെ സനാ ഇന്റർനാഷണൽ വിമാനത്താവളത്തിലുണ്ടായിരുന്ന രണ്ടു പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ടെഡ്രോസ് സഹപ്രവർത്തകർക്കൊപ്പം വിമാനത്തിലേക്ക് കയറാൻ തുടങ്ങവേയാണ് ആക്രമണമുണ്ടായത്. താനും സഹപ്രവർത്തകരും സുരക്ഷിതരാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നും സാധാരണക്കാരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒരിക്കലും ലക്ഷ്യംവയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി. യെമനിലെ ഹൂതികളെയാണ് ലക്ഷ്യം വച്ചതെന്ന് ഇസ്രയേൽ അറിയിച്ചു. ഇറാനിൽ നിന്നുള്ള ആയുധക്കടത്തിന് മറയാക്കുന്ന സൈനിക കേന്ദ്രങ്ങളാണ് ലക്ഷ്യം വെച്ചതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് വ്യക്തമാക്കി. സന അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സൈനിക കേന്ദ്രം ഹൂതി വിമതർ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നതായും അതിനാലാണ് ഇവിടം ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ സൈന്യം ചൂണ്ടിക്കാട്ടി.
സനയിലെ വിമാനത്താവളത്തിന്റെ റൺവേയ്‌ക്ക് സമീപമാണ് അൽ ദെയ്‌ലാമി സൈനിക താവളം. തുറമുഖ നഗരമായ ഹുദെയ്ദയിലെ വൈദ്യുത നിലയത്തിന് നേർക്കും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ഹെസ് യാസ് റാസ് ഖനാതിബ് പവർ സ്റ്റേഷനുകളിലും ആക്രമണം നടത്തിയതായി സൈന്യം സ്ഥിരീകരിച്ചു. പടിഞ്ഞാറൻ യെമൻ തീരത്തെ സാലിഫ്, റാസ് ഖനാതിബ് തുറമുഖങ്ങളും ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ശനിയാഴ്ച ഹൂതി വിമതർ തൊടുത്ത മിസൈൽ ടെൽ അവീവിലെ പൊതുപാർക്കിൽ പതിച്ച് 30 ഓളം ഇസ്രായേൽ പൗരൻമാർക്ക് പരിക്കേറ്റിരുന്നു. ഇസ്രായേലിന്റെ പ്രദേശങ്ങളിലേക്ക് നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ തുടർന്നാണ് ഹൂതി വിമതരുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.