Wednesday, July 23, 2025
Mantis Partners Sydney
Home » ട്രംപിന്റെ ക്യാബിനറ്റിൽ ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും.
ട്രംപിന്റെ ക്യാബിനറ്റിൽ ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും.

ട്രംപിന്റെ ക്യാബിനറ്റിൽ ഇലോൺ മസ്‌കും വിവേക് രാമസ്വാമിയും.

പ്രസിഡൻ്റ് സ്ഥാനമൊഴിയുന്ന ജോ ബൈഡനുമായി ട്രംപ് കൂടിക്കാഴ്ച നടത്തി.

by Editor

വാഷിങ്ടൺ: വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരിൽ പ്രധാനിയുമായ ഇലോൺ മസ്‌കിന് ട്രംപ് സർക്കാരിൽ സുപ്രധാന ചുമതല. പുതിയ സർക്കാരിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനുള്ള വകുപ്പിന്റെ ചുമതലയാണ് ഇലോൺ മസ്‌കിന് നൽകിയിരിക്കുന്നത്. ഇലോൺ മസ്‌കിന് പുറമെ ഇന്തോ-അമേരിക്കൻ സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയും പുതുതായി രൂപീകരിച്ച ‘യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ’ ചുമതല വഹിക്കും. സർക്കാരിൻ്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനം.

വിവേക് രാമസ്വാമിയും ഇലോൺ മസ്‌കുമാണ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പ് ഇനി കൈകാര്യം ചെയ്യുന്നത്. ഇവർ രണ്ട് പേരും ചേർന്ന് അമിത നിയന്ത്രണങ്ങൾ ഒഴിവാക്കിയും, പാഴ് ചെലവുകൾ വെട്ടിക്കുറിച്ചും, ഫെഡറൽ ഏജൻസികളെ പുന:ക്രമീകരിച്ചുമെല്ലാം ഞാൻ നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിന് വഴിയൊരുക്കും. ‘സേവ് അമേരിക്ക’ മൂവ്‌മെന്റിന് ഇത് വളരെ അത്യാവശ്യമാണ്. കാര്യക്ഷമതയെ മുൻനിർത്തിയായിരിക്കും ഓരോ മാറ്റങ്ങളും വരുത്തുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളുടേയും ജീവിതം ഇതുവഴി മെച്ചപ്പെടുമെന്നും” ട്രംപ് അവകാശപ്പെട്ടു.

ട്രംപിന്റെ ഉറച്ച അനുയായിയായ മസ്‌ക് ട്രംപിന്റെ പ്രസിഡൻഷ്യൽ ക്യാമ്പെയ്‌നിന്റെ പ്രധാന ഭാഗമായിരുന്നു. 100 മില്യൺ ഡോളറിലധികമാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മസ്‌ക് സംഭാവന ചെയ്തത്. പുതിയ ട്രംപ് കാബിനറ്റിൽ പീറ്റർ ഹെഗ്സെത്ത് പുതിയ പ്രതിരോധ സെക്രട്ടറിയായി ചുമതലയേൽക്കും. അമേരിക്കയിലെ പ്രശസ്ത മാധ്യമ സ്ഥാപനമായ ഫോക്സ് ന്യൂസ് അവതാരകനായ പീറ്റർ ഹെഗ്സെത്ത് മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു. അതേസമയം ജോൺ റാറ്റ്ക്ലിഫിനെ പുതിയ സിഐഎ ഡയറക്ടറായും തീരുമാനിച്ചു.

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ എത്തി. പ്രസിഡൻ്റ് സ്ഥാനമൊഴിയുന്ന ജോ ബൈഡനുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. ഹസ്തദാനം ചെയ്താണ് ബൈഡൻ ട്രംപിനെ സ്വീകരിച്ചത്. 2020-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപും ബൈഡനും ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. സുഗമവും സമാധാനപരവുമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് ട്രംപിന് ബൈഡൻ ഉറപ്പ് നൽകി. ട്രംപിന് ആവശ്യമായതെല്ലാം ഉറപ്പാക്കാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബൈഡൻ പറഞ്ഞു. കാര്യങ്ങളെല്ലാം സു​ഗമമായി തന്നെ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപും മറുപടിയായി പറഞ്ഞു.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നത്. കമലാ ഹാരിസിന്റെ 226 വോട്ടിന് എതിരായി 312 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് വിജയമുറപ്പിച്ചത്. പെൻസിൽവേനിയയും അരിസോണയും ഉൾപ്പെടെ ഏഴ് സ്വിംഗ് സ്റ്റേറ്റുകളും ട്രംപ് തൂത്തുവാരിയിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!