തിരുവനന്തപുരം: മുൻ സ്‌പീക്കറായ മന്ത്രി എംബി രാജേഷിനെ നിയമസഭയിലെ ‘ചട്ടം പഠിപ്പിച്ച്’ സ്‌പീക്കര്‍ എ എൻ. ഷംസീർ. ചർച്ചക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുക, മന്ത്രി മറുപടി പറയുക. ഇങ്ങനെ ചെയ്താൽ ഇനി മുതൽ മന്ത്രിക്ക് ഉൾപ്പെടെ മൈക്ക് നൽകില്ലെന്ന് സ്‌പീക്കർ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതും അക്രമ സംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്‌പീക്കറുടെ ഇടപെടല്‍. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ചോദിക്കുകയും മന്ത്രി മറുപടി നല്‍കുകയുമായിരുന്നു. പരസ്പരം ഉള്ള ഷട്ടിൽ കളിയല്ല നിയമസഭയിയെ ചർച്ചയെന്നും സ്പീക്കർ ഓര്‍മ്മിപ്പിച്ചു. തിരുവഞ്ചൂരിന്‍റെ ചോദ്യവും മന്ത്രി മറുപടി നൽകിയതുമാണ് സ്‌പീക്കറെ ചൊടിപ്പിച്ചത്. ക്ഷമ ചോദിക്കുന്നുവെന്ന് എം.ബി. രാജേഷ് പറഞ്ഞു. ക്ഷമയുടെ കാര്യമല്ല ഇനി മുതൽ അനുസരിക്കണം എന്ന് എ എൻ ഷംസീർ പറഞ്ഞു.
എം.ബി. രാജേഷിനു പകരക്കാരനായി സ്പീക്കർ കസേരയിലെത്തിയ എ.എൻ. ഷംസീർ മന്ത്രി രാജേഷിനെതിരെ വടിയെടുക്കുന്നത് ഇത് ആദ്യതവണയല്ല. സ്പീക്കറായിരുന്നപ്പോൾ രാജേഷും പല തവണ ഷംസീറിനെ ശാസിച്ചിട്ടുണ്ട്.