ഇസ്ലാമബാദ്‍: ജയ്ഷെ മുഹമ്മദിന്റെ ഉന്നത കമാൻഡർ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അബ്ദുൾ അസീസ് ഇസ്സാർ ആണ് വെടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പഞ്ചാബ് പ്രവിശ്യയിൽ ബഹവൽപൂരിൽ ദുരൂഹ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ വിരുദ്ധ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് അബ്ദുൾ അസീസ് ഇസാർ. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നിവയ്‌ക്ക് ശേഷവും വിഷം ചീറ്റൽ തുടർന്നു. ഇന്ത്യയെ ആക്രമിക്കുമെന്നും രാജ്യത്തെ പല മേഖലകളായി വിഭജിക്കുമെന്നും അസീസ് ഭീഷണി മുഴക്കിയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഇസാറിന്റെ സഹായിയാണ് മൃതദേഹം കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പഞ്ചാബ് പ്രവിശ്യയിലെ ഭക്കർ ജില്ലയിലെ അഷ്‌റഫ്‌വാൾ സ്വദേശിയാണ് അബ്ദുൾ അസീസ്. അതേസമയം ജെയ്‌ഷെ മുഹമ്മദും ബന്ധപ്പെട്ട വൃത്തങ്ങളും വെടിയേറ്റുള്ള മരണം തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും മരണകാരണമെന്തെന്ന് വ്യക്തമാക്കിയിട്ടില്ല. അസീസിന്റെ മരണം പാക്കിസ്ഥാനും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.