സിഡ്‌നി: ഇസ്രായേലി രോഗികളെ ശുശ്രൂഷിക്കില്ല. അവരെ മരണത്തിലേക്ക് തള്ളിവിടും എന്ന് സോഷ്യൽ മീഡിയയിൽ ആവേശം കയറി പറഞ്ഞ രണ്ടു നഴ്സുമാരെയും ജോലിയിൽ നിന്ന് മാറ്റി നിർത്തിയത് കൂടാതെ എല്ലാ ആശുപത്രികളിലും വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇസ്രയേലില്‍ നിന്നുള്ള ഒരു ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ മാക്സ് വീഫെര്‍ (Max Veifer) പങ്കു വെച്ച വീഡിയോയിൽ ആണ് ഇവർ ഇങ്ങനെ പരാമർശം നടത്തുന്നത്. ഒരു വീഡിയോ ചാറ്റില്‍ സംസാരിക്കവെ, താന്‍ ഇസ്രയേലിയാണെന്ന് പറഞ്ഞ വീഫറിനോട്, നിങ്ങള്‍ ഇസ്രയേലി ആണെന്നതില്‍ സങ്കടം തോന്നുന്നു, നിങ്ങള്‍ കൊല്ലപ്പെടാനും നരകത്തില്‍ പോകാനും തയ്യാറെടുക്കുന്നു എന്നായിരുന്നു മെഡിക്കല്‍ വസ്ത്രം ധരിച്ചുകൊണ്ടു ജോലിയിൽ ഇരിക്കെ ഇവർ പറഞ്ഞത്. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് രണ്ടു പേരെയും ജോലിയിൽ നിന്നും പുറത്താക്കുകയായിരുന്നു.
എന്തിനാണ് താന്‍ കൊല്ലപ്പെടുന്നത് എന്ന ചോദ്യത്തിന്, അത് പാലസ്തീനിന്റെ രാജ്യമാണെന്ന് പറഞ്ഞ സ്ത്രീ ഒരു അശ്ലീല ആംഗ്യവും കാണിക്കുന്നതു വിഡിയോയിൽ കാണാം. താന്‍ ഇസ്രയേലികളെ ചികിത്സിക്കാനല്ല, കൊല്ലാനാണ് താത്പര്യപ്പെടുന്നതെന്നും അവർ വീഡിയോ ചാറ്റില്‍ പറയുന്നുണ്ട്. ഇതിനകം ആശുപത്രി സന്ദര്‍ശിച്ച നിരവധി ഇസ്രയേലികളെ താന്‍ നരകത്തിലേക്ക് അയച്ചതായി അപ്പോള്‍ ആ പുരുഷനും പറയുന്നുണ്ട്. ഇതേ തുടർന്ന് ആശുപത്രി ഇപ്പോള്‍ ഇവരുടെ ചികിത്സയിൽ ഇരുന്ന രോഗികളുടെ രേഖകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ രോഗികള്‍ക്ക് ഇവര്‍ മൂലം എന്തെങ്കിലും അപകടം ഉണ്ടായതായി കണ്ടെത്തിയിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ബാങ്ക്‌സ്‌ടൗൺ ആശുപത്രിയിലെ ഈ നഴ്‌സുമാരുടെ നഴ്‌സിംഗ് രജിസ്ട്രേഷനും താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ചാറ്റിന്റെ പൂര്‍ണ്ണരൂപത്തിലുള്ള വീഡിയോ ഉപയോക്താവ് പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നത് വ്യക്തമല്ല. മാത്രമല്ല, സ്ത്രീയുടെ ചില സംഭാഷണങ്ങള്‍ ബീപ് ശബ്ദം ഉപയോഗിച്ച് അവ്യക്തമാക്കിയിട്ടുമുണ്ട്. അഹമ്മദ് റാഷദ് നാദിര്‍ (Ahmad Rashad Nadir ) എന്നാണ് പുരുഷ നഴ്സ്‌നിന്റെ പേരെന്നും സാറ അബു ലെബ്ഡ (Sarah Abu Lebdeh) എന്നാണ് വനിത നഴ്സിന്റെ പേരെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂ സൗത്ത് വെയിൽസിലെ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡും ദേശീയ നഴ്സിംഗ് ബോഡിയായ AHPRA യും ഇവരുടെ രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദുചെയ്‌തിട്ടുണ്ട്. അതായത്, ഓസ്‌ട്രേലിയയിലെ ഗവണ്മെന്റ് ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ഇനി ഇവർക്ക് ജോലി ചെയ്യാൻ സാധിക്കില്ല.
വീഡിയോ റെക്കോർഡ് ചെയ്ത സമയത്ത് ഷിഫ്റ്റിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെ പോലീസ് ഉടൻ തന്നെ ചോദ്യം ചെയ്യുകയും ആശുപത്രിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. ആശുപത്രിയിൽ ജൂത രോഗികളോട് ഇതുവരെ മോശമായി പെരുമാറിയതായി സൂചനയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ് എന്ന് പോലീസ് അറിയിച്ചു.