കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വെച്ചു. വാർത്താ സമ്മേളനത്തിലാണ് ട്രൂഡോ രാജി പ്രഖ്യാപനം നടത്തിയത്. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. പാർട്ടിക്കുള്ളിലും പുറത്തും അനഭിമതനായി മാറിയ ട്രൂഡോയുടെ ജനപ്രീതിയിൽ കഴിഞ്ഞ 2 വർഷത്തിനിടെ വൻ ഇടിവാണുണ്ടായത്. രാജ്യത്തെ വെറും 22 % പേർക്കു മാത്രമാണ് ട്രൂഡോയുടെ നേതൃത്വത്തിൽ വിശ്വാസമുള്ളതെന്ന് ഡിസംബറിലെ ഹിത പരിശോധനയിൽ വ്യക്തമാകുന്നു. ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി. സാമ്പത്തിക പ്രതിസന്ധി, യുഎസും ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ എന്നിവ ട്രൂഡോ കൈകാര്യംചെയ്യുന്ന രീതിയിൽ പ്രതിഷേധിച്ചായിരുന്നു ക്രിസ്റ്റിയയുടെ രാജി. ക്രിസ്റ്റിയയുടെ രാജിക്കുശേഷം അധികം പൊതുപരിപാടികളിൽ പങ്കെടുക്കാതെ കഴിയുകയായിരുന്നു ട്രൂഡോ.
അതിനിടെ കാനഡ അമേരിക്കയുമായി ലയിക്കണമെന്ന തന്റെ നിർദ്ദേശം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപ് തന്റെ നിലപാട് ഉറപ്പിച്ചു പറഞ്ഞത്. കാനഡയുമായുള്ള വ്യാപാര കമ്മി യുണൈറ്റഡ് സ്റ്റേറ്റ്സ് സഹിക്കില്ലെന്ന് അറിയാവുന്നതിനാലാണ് ജസ്റ്റിൻ ട്രൂഡോ രാജിവച്ചതെന്നും നിരവധി കനേഡിയൻമാർ ആ രാജ്യം അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാൻ ആഗ്രഹിക്കുന്നുവെന്നും നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കാനഡ യുഎസുമായി ലയിച്ചാൽ, താരിഫുകൾ ഉണ്ടാകില്ല, നികുതികൾ കുറയും, നിരന്തരം അവരെ ചുറ്റിപ്പറ്റിയുള്ള റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് അവർ പൂർണ്ണമായും സുരക്ഷിതരായിരിക്കും. ഒരുമിച്ചാൽ, അത് എത്ര മഹത്തായ രാഷ്‌ട്രമായിരിക്കും!” എന്നാണ് ട്രംപ് പറഞ്ഞത്.
അതേസമയം, ട്രംപിന്റെ ‘നിർദേശ’ത്തോട് കാനഡ പ്രതികരിച്ചില്ല. തെക്കൻ അതിർത്തിവഴി അനധികൃതമായി ആളുകളെ കടത്തിവിടുന്നതും ലഹരിമരുന്നു കടത്തും അവസാനിപ്പിക്കാൻ കാനഡ തയാറായില്ലെങ്കിൽ 25% നികുതി ചുമത്തുമെന്ന ഭീഷണിയും ട്രംപ് നടത്തിയിട്ടുണ്ട്. കാനഡയുടെ ഗവർണറെന്നു വിളിച്ച് ട്രംപ് ട്രൂഡോയെ നിരന്തരം പരിഹസിച്ചിരുന്നു.
ട്രൂഡോയുടെ പടിയിറക്കത്തിന് പിന്നാലെ കനേഡിയൻ മാദ്ധ്യമങ്ങളിൽ പിൻഗാമിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായി. കാനഡയിലെ ലിബറൽ പാർട്ടിയെ നയിക്കാൻ ഇന്ത്യൻ വംശജ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. നിലവിലെ ഗതാഗതമന്ത്രി അനിത ആനന്ദിന്റെ പേരാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്നത്. ട്രഷറി ബോർഡ് പ്രസിഡൻ്റായിരുന്ന അനിത ആനന്ദിനെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഗതാഗത മന്ത്രിയായി നിയമിച്ചത്.