Tuesday, July 22, 2025
Mantis Partners Sydney
Home » ‘ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല, ഭീകരത അവസാനിപ്പിക്കണം’ ഫാറൂഖ് അബ്ദുല്ല.
ജമ്മു കശ്മീർ

‘ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല, ഭീകരത അവസാനിപ്പിക്കണം’ ഫാറൂഖ് അബ്ദുല്ല.

മൂന്ന് ഭീകര സംഘടനകളുടെ സംയുക്ത ക്യാമ്പ് പാകിസ്ഥാനിൽ ?

by Editor

ശ്രീനഗർ: ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ വിമര്‍ശനം. പാക്കിസ്ഥാന്‍ സ്വയം നശിക്കുന്നതിനൊപ്പം കശ്മീരിനെയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം എന്തിനാണ് നിഷ്കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തുന്നതെന്ന് ചോദിച്ചു. കഴിഞ്ഞ 30 വര്‍ഷമായി lഇതുതന്നെയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നും ഫറൂഖ് അബ്ദുല്ല പറഞ്ഞു. ഭീകരത പ്രോല്‍സാഹിപ്പിക്കുന്നത് നിര്‍ത്തി സൗഹൃദത്തിന്റെ വഴി തുറക്കാന്‍ പാക്കിസ്ഥാന്‍ തയാറാകണം. ഇല്ലെങ്കില്‍ പാക്കിസ്ഥാന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും ഫറീഖ് അബ്ദുല്ല മുന്നറിയിപ്പു നൽകി.

രണ്ടാഴ്ചയ്ക്കിടെ ഇരുപത് പേരാണ് ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളും സൈനികരും ഡോക്ടറും ഇതില്‍പ്പെടും. ഇന്നലെ ഗുല്‍മാര്‍ഗില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 3 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ട് ആര്‍മി പോര്‍ട്ടര്‍മാരും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ വീണ്ടും ഭീകരാക്രമണം ഉണ്ടായി. ഭീകരരുടെ വെടിയേറ്റ് യുപി സ്വദേശി ശുഭം കുമാറിന് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിലാണ് സംഭവം. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ കശ്മീരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ മൂന്നാമത്തെ ആക്രമണമാണിത്. ഞായറാഴ്ച ഗന്ദർബാലിലുണ്ടായ ആക്രമണത്തിൽ തുരങ്കനിർമാണക്കമ്പനിയിലെ ഡോക്ടറും ഇതരസംസ്ഥാനക്കാരായ ആറ് നിർമാണത്തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 18-ന് ഷോപിയാൻ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ബിഹാർ സ്വദേശി കൊല്ലപ്പെട്ടിരുന്നു.

കശ്മീർ താഴ്വരയിൽ ഭീതി ജനിപ്പിക്കാനും സമാധാനം തകർക്കാനും ലക്ഷ്യമിട്ട് പാക് ഭീകരർ ബോധപൂർവം നടത്തുന്ന ആക്രമണത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കശ്മീരിലെ ​ഗുൽമാർ​​ഗ് സെക്ടറിൽ നടന്ന ഭീകരാക്രമണമെന്ന് സൈന്യം പറഞ്ഞു. സമാധാനവും സന്തോഷവും നിറഞ്ഞ് സാധാരണ ജിവിതത്തിലേക്ക് തിരികെ വരുന്ന താഴ്വരയിൽ അശാന്തി പടർത്തുകയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. താഴ്വരയിലെ ഭീകരവാഴ്ചയാണ് ഭീകരർ ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രമെന്നും പ്രസ്താവനയിൽ പറയുന്നു. ജമ്മു കശ്മീരിലെ ബാരാമുളളയിൽ ഭീകരർക്കായി തെരച്ചിൽ സുരക്ഷാസേന ശക്തമാക്കി. ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്നും മാദ്ധ്യമങ്ങൾ ആശയക്കുഴപ്പം ഉണ്ടാകുന്ന വാർത്തകൾ പുറത്തുവിടരുതെന്നും സൈന്യം അറിയിച്ചു.

അതിനിടെ ഇന്ത്യ നിരോധിച്ച ലഷ്‌കറെ തയിബ, ഹിസ്ബുൾ മുജാഹിദ്ദീൻ, ജയ്ഷെ മുഹമ്മദ് എന്നീ മൂന്ന് ഭീകര സംഘടനകൾ ഒത്തുചേർന്ന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ സംയുക്ത പരിശീലന ക്യാമ്പ് സ്ഥാപിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നു. പാക് സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കാമ്പസിന് സമീപത്തായാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് ഒരു ഇന്ത്യൻ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ മേധാവിക്കാണ് ക്യാമ്പിന്റെ മേൽനോട്ട ചുമതലയെന്നും ഹാഫിസ് സയീദ്, സയ്യിദ് സലാഹുദ്ദീൻ, മസൂദ് അസ്ഹർ തുടങ്ങി ലഷ്‌കർ, ഹിസ്‌ബുൾ, ജെയ്‌ഷെ ഭീകര സംഘടന തലവൻമാരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മൂന്നുപേരും എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയിലുള്ളവരാണ്.

കൊല്ലപ്പെട്ട അൽ ഖായിദ തലവൻ ഒസാമ ബിൻ ലാദൻ ഒളിവിൽ താമസിച്ചിരുന്ന വീട് അബോട്ടാബാദിലായിരുന്നു. ഇവിടെ വച്ചാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പെഷ്യൽ ഫോഴ്‌സ് മിലിട്ടറി യൂണിറ്റിന്റെ ആക്രമണത്തിൽ ബിൻ ലാദൻ വെടിയേറ്റ് മരിച്ചത്. ഇവിടെയാണ് ഭീകര സംഘടനകൾ സംയുക്ത ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് പുതിയ പരിശീലന കേന്ദ്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിട്ടുള്ളത്.

Send your news and Advertisements

You may also like

error: Content is protected !!