Thursday, July 31, 2025
Mantis Partners Sydney
Home » ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്കു വിജയം
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്കു വിജയം

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്കു വിജയം

by Editor

ദുബായ്: 51–ാം ഏകദിന സെഞ്ചറിയുമായി കോലി നിറഞ്ഞാടിയപ്പോൾ ഐസിസി ടൂ‍ർണമെന്റി‍ൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കു വീണ്ടുമൊരു അവിസ്മരണീയ ജയം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനെ 241 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ 45 പന്തുകളും 6 വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. 111 പന്തിൽ 100 റണ്‍സുമായി വിരാട് കോലി പുറത്താകാതെ നിന്ന് പടനയിച്ചപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്സര്‍ പട്ടേല്‍ കോലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.

സ്കോർ: പാക്കിസ്ഥാൻ– 49.4 ഓവറിൽ 241 ഓൾഔട്ട്. ഇന്ത്യ– 42.3 ഓവറിൽ 4-ന് 244. കോലിയാണ് പ്ലെയ‍‍ർ ഓഫ് ദ് മാച്ച്. ജയത്തോടെ ഇന്ത്യ സെമി ഏറക്കുറെ ഉറപ്പാക്കി. എന്നാൽ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്താകുന്നതിന്‍റെ വക്കിലായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് ഇനി സെമിയിലെത്താനാകു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ബാബര്‍ അസം 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ 46 റണ്‍സടിച്ചു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഹര്‍ഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ 45 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. പവര്‍ പ്ലേയില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തി പ്രതീക്ഷ നല്‍കിയ രോഹിത്തിനെ മനോഹരമായൊരു യോര്‍ക്കറില്‍ ഷഹീന്‍ ഷാ അഫ്രീദി ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 17.3 ഓവറില്‍ 100 റണ്‍സിലെത്തിച്ചു. അര്‍ധസെഞ്ചുറിക്ക് അരികെ ഗില്ലിനെ (46) ബൗള്‍ഡാക്കിയ അര്‍ബ്രാര്‍ അഹമ്മദ് പാക്കിസ്ഥാന് പ്രതീക്ഷ നല്‍കിയെങ്കിലും നാലാം നമ്പറിലെത്തിയ ശ്രേയസ് അയ്യര്‍ ആ പ്രതീക്ഷ തല്ലിക്കെടുത്തി. 62 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച കോലിക്കൊപ്പം ശ്രേയസ് കട്ടക്ക് അടിച്ചു തകര്‍ത്തതോടെ ഇന്ത്യയുടെ സമ്മര്‍ദ്ദം ഒഴിവായി. സ്പിന്നര്‍മാര്‍ക്കെതിരെ സ്റ്റെപ്പ് ഔട്ട് ചെയ്ത് തകര്‍ത്തടിച്ച ശ്രേയസ് 63 പന്തില്‍ 21-ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ 200 കടത്തിയ ശ്രേയസിനെ (56) കുഷ്ദില്‍ ഷായും പിന്നീടെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ (8) ഷഹീന്‍ അഫ്രീദിയും പുറത്താക്കി. പിന്നീട് കോലി സെഞ്ചുറിയിലെത്തുമോ എന്നതില്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് ആശങ്ക. 96-ല്‍ നില്‍ക്കെ കുഷ്ദില്‍ ഷായെ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി കടത്തി കോലി 51-ാം ഏകദിന സെഞ്ചുറിയും ഇന്ത്യൻ വിജയവും പൂര്‍ത്തിയാക്കി.

 

Send your news and Advertisements

You may also like

error: Content is protected !!