സാൻഡോരിനി: തുടർച്ചയായ ഭൂചലനങ്ങൾ കൊണ്ട് വലഞ്ഞു ഗ്രീക്ക് ദ്വീപായ സാൻഡോരിനി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾആണ് ഉണ്ടായതു. ബുധനാഴ്ച 5.2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രീക്ക് ദ്വീപിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ അടുത്ത ദിവസങ്ങളിൽ മേഖലയിലുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെ 11,000-ലേറെ പേരയാണ് ദ്വീപിൽ നിന്ന് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. മാർച്ച് മൂന്ന് വരെയാണ് അടിയന്തരാവസ്ഥയെന്നാണ് സർക്കാർ വിശദമാക്കിയിട്ടുള്ളത്. നാശനഷ്ടമടക്കമുള്ളവ കൈകാര്യം ചെയ്യുന്നതിനാണ് ഒരുമാസത്തോളം നീളുന്ന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
ഈഗൻ കടലിലെ അമോർഗോസ്, സാൻഡോരിനി എന്നീ ദ്വീപുകളിലാണ് ഭൂചലനങ്ങളുണ്ടായത്. ഇരുദ്വീപുകളിലും സജീവ അഗ്നിപർവതങ്ങളുണ്ട് എന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിലും മേഖലയിൽ ഭൂചലനമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 6.0ൽ അധികം തീവ്രതയുള്ള ഭൂചലനം ദ്വീപിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് മുൻകരുതൽ. ഗ്രീസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സാൻഡോരിനി. നിലവിൽ ഓഫ് സീസണായതിനാൽ ദ്വീപിലെ താമസക്കാരും ജോലിക്കാരുമാണ് ദ്വീപിൽ നിന്ന് ഒഴിപ്പിക്കുന്നതിൽ ഏറെയും. ആശുപത്രികളിലെ ജീവനക്കാരെ അവധി റദ്ദാക്കി തിരികെ വിളിച്ചിരിക്കുകയാണ്. സുനാമി ഭീഷണി കൂടിയുള്ളതിനാൽ സ്കൂളുകൾക്ക് അവധിയും നൽകിയിട്ടുണ്ട്.
ഗ്രീസിലെ പ്രധാന ഭൂവിഭാഗത്തിന്റെ തെക്ക് കിഴക്ക് 200 കി. മീ. തെക്കൻ ഈജിയൻ കടലിലെ ഒരു ദ്വീപാണ് സാൻഡോരിനി. ഏതന്‍സിനും ക്രീറ്റിനും മദ്ധ്യത്തിലായി ഈജിയന്‍ കടലിലാണ് സാന്‍ഡോരിനി സ്ഥിതി ചെയ്യുന്നത്. അഗ്നിപര്‍വ്വതദ്വീപായതിനാല്‍ ‘തിര’ എന്നാണ് ഇതിന്‍റെ ഔദ്യോഗിക നാമം. ‘സൈക്ളേഡ്സ്’ ദ്വീപു സമൂഹത്തിന്‍റെ ഭാഗമാണ് സാന്‍ഡോരിനി. സാന്‍ഡോരിനിയുടെ ഓരോ ഭാഗവും അതിസുന്ദരമാണ്. എവിടെ നോക്കിയാലും കാണുന്ന വെളുത്ത പെയിന്‍റടിച്ച വീടുകള്‍ സാന്‍ഡോരിനിയെ സ്വര്‍ഗ്ഗതുല്യമാക്കുന്നു. ഗ്രീസിലെ സ്വർഗം, മാന്ത്രിക ദ്വീപ് എന്നെല്ലാമാണ് സാൻഡോരിനി ദ്വീപ് അറിയപ്പെടുന്നത്. മധുവിധു ആഘോഷിക്കുന്ന ദമ്പതികളുടെ ഇഷ്ടകേന്ദ്രം കൂടിയാണിത്.