Tuesday, March 24, 2026
Home » ഗാസയുടെ 75 ശതമാനവും ഇസ്രയേൽ നിയന്ത്രണത്തിൽ; വീണ്ടും ഇസ്രയേലിലേക്ക്‌ ഹൂതികളുടെ മിസൈല്‍ ആക്രമണം.

ഗാസയുടെ 75 ശതമാനവും ഇസ്രയേൽ നിയന്ത്രണത്തിൽ; വീണ്ടും ഇസ്രയേലിലേക്ക്‌ ഹൂതികളുടെ മിസൈല്‍ ആക്രമണം.

by Editor
Send your news and Advertisements

ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. ഇന്നലെ ഇസ്രയേൽ ആക്രമണങ്ങളിൽ നാലിടങ്ങളിലായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ 37 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ നസ്സര്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധ ഡോ. അലാ അല്‍ നജ്ജാറിന്റെ പത്ത് കുട്ടികളില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നസ്സർ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധയായി ജോലി ചെയ്തുവരികയായിരുന്നു അലാ അല്‍ നജ്ജാര്‍. ഗാസയുടെ 77 ശതമാനത്തിന്റെയും നിയന്ത്രണം ഇസ്രയേൽ കയ്യടക്കിയതായി ഹമാസ് മാധ്യമവിഭാഗം അറിയിച്ചു.

അതിനിടെ ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം യെമനിലെ ഹൂതി വിമതർ കടുപ്പിച്ചു. ഞായർ രാവിലെ യഫയിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് വിജയകരമായ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയ പാശ്ചാത്തലത്തിൽ തങ്ങളും ആക്രമണം വർധിപ്പിച്ചതായി ഹൂതി വക്താവ് യഹിയ സാരി അൽ മാസിറ പറഞ്ഞു. പലസ്തീൻ കൂട്ടക്കൊല അവസാനിപ്പിക്കുംവരെ ഇസ്രയേലിനെ ആക്രമിക്കുന്നത് തുടരുമെന്നും അറിയിച്ചു. ഹൂതികൾ അയച്ച മിസൈലിന്റെ ഒരു ഭാഗം വെസ്റ്റ് ബാങ്കിലെ സൗത്ത് ഹെബ്രോൺ ഹിൽസ് മേഖലയിൽ പതിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഗാസയില്‍ പട്ടിണിമരണം തുടര്‍ക്കഥയാകുകയാണ്. കുഞ്ഞുങ്ങളാണ് പട്ടിണിമരണത്തിന് ഇരകളാകുന്നതില്‍ അധികവും. കഴിഞ്ഞ ദിവസം പട്ടണിമൂലം നാല് വയസുകാരനായ മൊഹമ്മദ് യാസിന്‍ അതിദാരുണമായി മരണപ്പെട്ടു. ഗാസയില്‍ 70,000 കുട്ടികള്‍ പട്ടിമൂലം മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം നല്‍കുന്ന മുന്നറിയിപ്പ്. ഗാസയില്‍ ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഇസ്രയേലും യുഎഇയും കഴിഞ്ഞ ദിവസം ധാരണയില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗാസയിലേക്ക് അയച്ച ട്രക്കുകൾ കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്.

You may also like

error: Content is protected !!