ജറുസലം: ഗാസ സിറ്റിയുടെ സെയ്തൂൻ, ടെൽ അൽ ഹവ എന്നീ മേഖലകളിലും പലസ്തീൻകാരോട് ഒഴിയാൻ ഇസ്രയേൽ ആവശ്യപ്പെട്ടു. ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം 1.42 ലക്ഷം പലസ്തീനികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. ബന്ദികളെ ഹമാസ് ഉടൻ മോചിപ്പിച്ചില്ലെങ്കിൽ, ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പാർലമെന്റിൽ പറഞ്ഞു.
ജനുവരി 19ന് തുടങ്ങിയ ഒന്നാം ഘട്ട വെടിനിർത്തലിന്‍റെ സമയ പരിധി അവസാനിക്കുകയും രണ്ടാം ഘട്ട ചർച്ചകൾ അലസിപ്പിരിയുകയും ചെയ്തതോടെ ആണ് ഗാസ വീണ്ടും യുദ്ധഭൂമിയായത്. രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയ്യാറായില്ലെന്ന് ഇസ്രയേൽ ആരോപിക്കുന്നു. തങ്ങൾ മുന്നോട്ടുവെച്ച ന്യായമായ ഉപാധികൾ ഇസ്രയേൽ അംഗീകരിച്ചില്ലെന്ന് ഹമാസും ആരോപിച്ചു. അങ്ങനെയാണ് ചർച്ച അലസിപ്പിരിഞ്ഞത്. പിന്നാലെയായിരുന്നു ഗാസയിലെ ഇസ്രയേൽ ആക്രമണം.