ചേലക്കര: ഉപതിരഞ്ഞെടുപ്പിൽ കാലിടറി വീണ് പി.വി അൻവർ എംഎൽഎയുടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) സ്ഥാനാര്‍ത്ഥി എൻ.കെ മുനീർ. ഈ തിരഞ്ഞെടുപ്പിലൂടെ കേരള രാഷ്‌ട്രീയത്തിൽ ശക്തമായ സ്വാധീനമായി മാറുമെന്ന അവകാശവാദവുമായിട്ടാണ് അൻവർ പാർട്ടി സ്ഥാനാർത്ഥിയെ മത്സരത്തിനിറക്കിയത്. ഫലം വന്നപ്പോൾ 3920 വോട്ടുകൾ മാത്രമാണ് അൻവറിന്റെ സ്വന്തം സ്ഥാനാർത്ഥിക്ക് കിട്ടിയത്. ചേലക്കരയിൽ നിർണായക ശക്തിയായി മാറാൻ കഴിയുമെന്നും, യുഡിഎഫിന്റെ രമ്യ ഹരിദാസിന് പകരം തന്റെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും അൻവർ ഒരു ഘട്ടത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് ഇതിന് വഴങ്ങിയില്ല.
സിപിഎമ്മിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ ശേഷമാണ് അൻവർ പാർട്ടി വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിച്ചതാണ് പാർട്ടിയെ പ്രകോപിപ്പിച്ചത്. പിന്നാലെ സിപിഎമ്മിനെ വെല്ലുവിളിച്ച് കൊണ്ടാണ് അൻവർ ചേലക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തിയത്. എന്നാൽ അൻവറിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. എന്നാൽ കമ്മ്യൂണിസ്റ്റ് കോട്ടയിൽ നിന്ന് 3920 വോട്ടുകൾ നേടാനായത് അഭിമാനമാണെന്നാണ് അൻവർ പറയുന്നത്.