Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » കോർപ്പറേറ്റ് ഗോഡസ്സ്
നോവൽ - കോർപ്പറേറ്റ് ഗോഡസ്സ് - അദ്ധ്യായം 4

കോർപ്പറേറ്റ് ഗോഡസ്സ്

അദ്ധ്യായം 4

by Editor

ലാപ്‌ടോപ്പില്‍ യൂട്യൂബ് ഓണാക്കി, ‘അഗം’ ബാന്‍ഡിന്റെ പാട്ട്. (ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സമകാലിക കര്‍ണ്ണാടക പുരോഗമന റോക്ക് ബാന്റാണ് അഗം) ഹരീഷ് ശിവരാമകൃഷ്ണന്‍ പാടുന്നു. അതൊരു വേറിട്ട അനുഭവംതന്നെയാണ്.

പെട്ടെന്നാണ് ഒരു പരസ്യവാചകം ഓര്‍മ്മയില്‍ വന്നത്. ‘why should boys have all the fun?’ മഹാഗൗരിക്ക് അവളെ വലിയ ഇഷ്ടമാണു കേട്ടോ. സ്വയം പ്രണയത്തിലാകുന്നതാണ് സന്തോഷത്തിന്റെ ആദ്യപാഠം. അതവള്‍ക്കറിയാം. കാരണം, വര്‍ഷങ്ങളായി തനിയെയാണല്ലോ ജീവിതം. അതില്‍ പരിഭവവും വിഷമവുമില്ല. അവള്‍ അവളുടെ ചങ്ങാത്തത്തില്‍ സന്തുഷ്ടയാണ്. മുകളിലെ ഗൗരിയുടെ മുറിയില്‍ ഫ്രിഡ്ജ്, ലാപ്‌ടോപ്, ടി. വി. എല്ലാമുണ്ട്. ചില കാര്യങ്ങള്‍ ചിറ്റ കാണുന്നത് അവള്‍ക്കു വിഷമമാണ്.

വല്ലപ്പോഴും ഒരു കോക്ടെയ്ല്‍, പിന്നെ ഉറക്കെയുള്ള പാട്ടുകേട്ട് മതി വരുവോളമുളള നൃത്തം. ഇവയെല്ലാം തനിയെ ആസ്വദിക്കുന്ന ചില സ്വകാര്യനിമിഷങ്ങള്‍, അതത്രയും സന്തോഷങ്ങളാണ്.
മഹാഗൗരി ഫ്രിഡ്ജ് തുറന്നു. കുറച്ച് ഐസ് എടുത്ത് ഐസ് ഷേവിങ് മെഷിനിലേക്കിട്ടു. ഒരു ലോങ് കോക്ക്‌ടെയ്ല്‍ ഗ്ലാസ്സിലേക്ക് കുറച്ച് ഐസ് എടുത്തിട്ടു. പിന്നെ കൈതച്ചക്ക ജ്യൂസും പകര്‍ന്നു. അതിന്റെ മുകളിലേക്ക് ‘മാലിബു‘ ഒഴിച്ചു. (മാലിബു ഒരു കരീബിയന്‍ റം ആണ്). അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട കോക്‌ടെയ്‌ലാണ് ‘പിനാകൊളാ‍‍ഡാ‘. ബ്രിട്ടീഷ് ജീവിതത്തില്‍നിന്നു പകര്‍ത്തിയ ചില ശീലങ്ങള്‍.

മഹാഗൗരി അല്പാല്പമായി കോക്‌ടെയ്ല്‍ നുണഞ്ഞു.
പട്ടുപാവാടയും ബ്ലൗസും കൊലുസ്സും അഴിച്ചുമാറ്റി വണ്‍ പീസ് സ്വിമ്മിങ് സ്യൂട്ടില്‍ ഒന്നു നന്നായി നീന്തിത്തുടിക്കണം.
ഇന്നൊരു വല്ലാത്ത ദിവസംതന്നെ. ഗിരിധറുമായുള്ള അഭിമുഖം മുഴുമിപ്പിക്കാന്‍ പറ്റിയില്ല., അയാളുടെ ബോധക്ഷയം…
എല്ലാംകൂടിയായപ്പോള്‍ ഒരു നിരാശ. കുഴപ്പമില്ല. ഇനിയും സമയമുണ്ടല്ലോ. പാട്ട് കുറച്ചുകൂടി ഉച്ചത്തിലാക്കി.

ഒരു ചുവന്ന പില്ലര്‍ മെഴുകുതിരി കത്തിച്ചിട്ടു ലൈറ്റ് ഓഫ് ചെയ്തു. പാനീയഗ്ലാസ്സും മെഴുകുതിരിയും നീന്തല്‍ക്കുളത്തിന്റെ കരയില്‍ വെച്ചു.

ടെറസ്സില്‍ തന്റെ മുറിയോടു ചേര്‍ന്നൊരു നീന്തല്‍ക്കുളം അവളുടെ വലിയ ആഗ്രഹമായിരുന്നു. ആകാശനീല ടൈലുകള്‍ പാകിയ നീന്തല്‍ക്കുളത്തിലേക്ക് അവള്‍ പതുക്കെ കാലെടുത്തുവച്ചു. തണുപ്പു തീരെയില്ല. ജലം പെണ്ണിനെപ്പോലെയാണ്. അതിന്റെ ഊഷ്മാവ് ഉയരാന്‍ സമയമെടുക്കും. അതുപോലെ തന്നെ തണുക്കാനും…

പതുക്കെയവള്‍ നീന്തിത്തുടങ്ങി. സ്വര്‍ണ്ണനിറമുള്ള മത്സ്യം ജലത്തില്‍ തെന്നി നീങ്ങുന്നതുപോലെ…
നീന്തുന്നതിനിടയില്‍ ഗൗരി ഓരോ കവിള്‍ കോക്‌ടെയ്ല്‍ ആസ്വദിച്ചുകൊണ്ടിരുന്നു.

ആകാശത്ത് അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നക്ഷത്രങ്ങള്‍. ചന്ദ്രക്കല ഒരു നേരിയ വരപോലെമാത്രം. നീന്തല്‍ മതിയാക്കി, മുറിയിലെ കുളിമുറിയില്‍ ഒരു കുളികൂടി കഴിഞ്ഞ് അവള്‍ കഞ്ഞികുടിക്കാന്‍ താഴേക്കു ചെന്നു.

ഭാഗ്യം, കഞ്ഞിയുടെ ചൂടു പോയിട്ടില്ല.
അടുത്ത മുറിയില്‍നിന്നു ചിറ്റയുടെ കൂര്‍ക്കംവലി കേള്‍ക്കാം.

രാവിലെ ‘ഗുര്‍ഗാവോണിന്‘ പോകാനുള്ളതാണ്. ഡല്‍ഹിയില്‍ നിന്ന് അരമണിക്കൂര്‍ നീളുന്ന കാര്‍യാത്ര.
‘സിദ്ധിദാത്രി കോളേജ് ഓഫ് ജോര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സ്‘ അവിടെ ഒരു സെമിനാറും രണ്ടു ദിവസത്തെ ക്ലാസ്സും. മഹാഗൗരി ആ കോളേജിന്റെ ട്രസ്റ്റീ അംഗവും വിസിറ്റിംഗ് പ്രൊഫസറുമാണ്.

മാധ്യമധര്‍മ്മത്തെക്കുറിച്ചും മീഡിയ പ്രവര്‍ത്തകരെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ കരുത്തുറ്റ ഒരു തലമുറയെ വളര്‍ത്തണം. വാര്‍ത്താമാധ്യമങ്ങള്‍ സംസ്‌കാരത്തിന്റെ മുഖമുദ്രകൂടിയാണ്.
കര്‍ക്കശക്കാരിയാണെങ്കിലും മഹാഗൗരിയെ കുട്ടികള്‍ക്ക് ഇഷ്ടമാണ്.

രാവിലത്തെ യാത്രയ്ക്ക് കൊണ്ടുപോകാനുള്ള പെട്ടി ഒരുക്കി വച്ചു. കാലത്ത് നാലു മണിക്ക് എഴുന്നേല്‍ക്കാന്‍ അലാറവും വച്ചു കിടന്നു.
എന്തൊക്കെയോ സ്വപ്‌നങ്ങള്‍. ആരോ അവളെ മൃദുവായി തൊട്ട പോലെ. കണ്ണു തുറന്നപ്പോള്‍ അലാറം അടിക്കുന്നു. പെട്ടെന്ന് കാപ്പിയും കുടിച്ചിട്ടു പോകാന്‍ തയ്യാറായി.

എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കഴിഞ്ഞപ്പോള്‍ ബ്രിന്ദയെ വിളിച്ചു.
“ബ്രിന്ദാ, ഗിരിധര്‍ മഹാദേവന് ഒരു ഇരുപത്തിയഞ്ച് വെള്ള റോസാപ്പൂക്കളുടെ ബൊക്കെ കൊണ്ടുക്കൊടുക്കണം. അതില്‍ ഒരു കുറിപ്പും വെക്കണം.”
“ഗെറ്റ് വെല്‍ സൂണ്‍ ഫ്രം മഹാഗൗരി.”
“കമ്പനിവകയായിട്ടു വേണ്ട. എന്റെ പേര്‍സണല്‍ അക്കൗണ്ട്.”

ബ്രിന്ദയുടെ മനസ്സില്‍ ആയിരം സംശയങ്ങള്‍ ഉയര്‍ന്നുവന്നു.
റോസാപ്പൂക്കള്‍ കൊടുത്തുവിടാന്‍ പറയുന്നു,
അയാള്‍ തനിച്ചു ജീവിക്കുന്ന ഒരാള്‍, ഇവരും…
താന്‍ അറിയാതെന്തെങ്കിലും… ശ്ശേ… മഹാഗൗരിയെ അങ്ങനെ സങ്കല്പിക്കുവാന്‍ സാധിക്കുന്നില്ല.. മൃദുലവികാരങ്ങള്‍, സ്ത്രീസഹജമായ വികാരങ്ങള്‍ ഒന്നുമില്ലാത്ത ആളായിട്ടാണ് തോന്നിയിട്ടുളളത്.
ഇന്ത്യന്‍ വസ്ത്രധാരണരീതിപോലുമില്ല… ശരിക്കും ഒരു കോര്‍പ്പറേറ്റ് മേധാവിമാത്രമെന്നാണു മനസ്സില്‍ കരുതിയിരുന്നത്.

എന്നാല്‍… കഴിഞ്ഞ ദിവസം സാരിയുടുത്തു നിന്ന അവരെ കണ്ടപ്പോള്‍ തനിക്കുപോലും അവരോടു പ്രണയം തോന്നി…
വസ്ത്രധാരണം ഒരാളുടെ ആകാരഭംഗികള്‍ക്ക് എത്രമാത്രം മാറ്റം വരുത്തുമെന്ന് ബ്രിന്ദ മനസ്സിലോര്‍ത്തു.

ആശുപത്രിക്കിടക്കയില്‍ ചാരിയിരുന്നുകൊണ്ട് ഗിരിധര്‍ ആലോചിക്കുകയായിരുന്നു.
ആരാണീ മഹാഗൗരി?
അവര്‍ സുന്ദരിമാത്രമല്ല, ബുദ്ധിമതികൂടിയാണ്. അല്ലെങ്കില്‍ കൊച്ചിയില്‍ വന്ന് ഈ പ്രായത്തില്‍ ഇങ്ങനെയൊരു സ്ഥാനത്ത് എത്തുകയില്ലല്ലോ?
ആ അഴകാര്‍ന്ന ചുണ്ടുകള്‍. ആര്‍ക്കും ഒന്ന് അമര്‍ത്തിച്ചുംബിക്കാന്‍ തോന്നും.
മഷി എഴുതാഞ്ഞിട്ടും എന്തൊരു കാന്തശക്തിയാണ് ആ കണ്ണുകള്‍ക്ക്.
കാമം അല്ല, മറ്റെന്തോ ഇന്ദ്രിയാതീതമായ വികാരം ജനിപ്പിക്കുന്ന വലിയ കണ്ണുകള്‍. നഗ്‌നമായ ആ കഴുത്തില്‍ കൈയിട്ട്, കണ്ണുകളിലേക്കുറ്റു നോക്കി തന്നോട് അടുപ്പിക്കാന്‍ തോന്നി..
പക്ഷേ, ആ ചുണ്ടിന്റെ കോണില്‍ ഗൂഢമന്ദഹാസം വിരിഞ്ഞ പോലെ. എന്തോ ഒളിപ്പിക്കുന്നപോലെ.
തന്നിലെ പോലീസ് കണ്ണുകള്‍ അത് നീരിക്ഷിച്ചു. രഹസ്യമായി അവളെപ്പറ്റി എല്ലാം കണ്ടു പിടിക്കാന്‍ പറഞ്ഞേല്പിച്ചു.

ആരെയും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വിക്കിപീഡിയയില്‍ വായിച്ചതില്‍ കൂടുതല്‍ ഒന്നും പുതിയതായി കണ്ടുകിട്ടിയതുമില്ല.
എം. എ. ഇംഗ്ലീഷ് പൊള്ളാച്ചിയില്‍ പഠിച്ചു, ഗോള്‍ഡ് മെഡലിസ്റ്റ്.  അമേരിക്കയില്‍നിന്ന് ജേര്‍ണലിസത്തില്‍ പി. ജി. അതിനോടനുബന്ധിച്ചു ബി ബി സിയില്‍ പ്രൊജക്റ്റ് അവതരിപ്പിച്ചു. പിന്നെ അവിടെത്തന്നെ കുറേ വര്‍ഷം.
കഴിഞ്ഞ ആറുവര്‍ഷമായി ‘ഗുര്‍ഗാവോണില്‍‘ മീഡിയാ കോളേജ് നടത്തുന്നു.
കൊച്ചിയില്‍ ‘തരംഗം‘ ടി വി ചാനല്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം. അവിവാഹിത.
ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍..
ഇത്രയും നാള്‍ തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ ശ്രമിക്കാതെ, സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍… ?
എന്താണെങ്കിലും കണ്ടുപിടിക്കണം..

സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ട്വിറ്റെര്‍ അക്കൗണ്ട് മാത്രം… അതും വിരളമായിട്ട് ഉപയോഗിക്കല്‍… എല്ലാവിധത്തിലും തന്റെ ഉറക്കം കെടുത്താന്‍, തുടിക്കാന്‍ പ്രയാസപ്പെടുന്ന തന്റെ ഹൃദയത്തിന്റെ താളം തെറ്റിക്കാന്‍ വന്നവളേ, നീ ആരാണ്?
ചിന്തകള്‍ അത്രത്തോളമെത്തിയപ്പോഴാണ് ബ്രിന്ദ പൂക്കളുമായി അകത്തേക്കു വന്നത്.

സന്ദര്‍ശകര്‍ അനുവദനീയമല്ല എന്നാലും തരംഗം ടി വി എന്ന് പറഞ്ഞപ്പോള്‍ അകത്തേക്കു വരാന്‍ സമ്മതിച്ചു.
“ഗുഡ് മോര്‍ണിംഗ് സര്‍, ഞാന്‍ ബ്രിന്ദ. തരംഗം ചാനല്‍ സി. ഇ. ഒ., മഹാഗൗരിയുടെ പേര്‍സണല്‍ സെക്രട്ടറി’. ‘
പൂക്കള്‍ മേശമേല്‍ വെച്ചപ്പോള്‍, ഗിരിധര്‍ പറഞ്ഞു:
“ഞാന്‍ മഹാഗൗരി വരും എന്നു കരുതി.”
“മാഡം രാവിലത്തെ ഫ്‌ളൈറ്റിനു ഡല്‍ഹിക്കു പോയി. അവിടെ ജേര്‍ണലിസം സ്‌കൂളില്‍ ഒരു സെമിനാറുണ്ട്. കൂടാതെ ക്ലാസുകളും. ഇനി ബുധനാഴ്ചയേ തിരികെ വരൂ…”

“മഹാഗൗരിയുടേതാണോ ആ സ്‌കൂള്‍?”
“അല്ല ഒരു ട്രസ്റ്റിന്റെ വകയാണ്. ഗൗരിമാം മാനേജിങ് ട്രസ്റ്റീയാണ്. മാസത്തില്‍ രണ്ടു ദിവസം അവിടെ ക്ലാസ്സെടുക്കും. സാധാരണ ഞായറാഴ്ച വൈകിട്ടാണ് പോകാറ്. സെമിനാര്‍ ഉള്ളതു കൊണ്ട് ഇന്നു പോയി.”
“നിങ്ങള്‍ എത്ര നാളായി ഗൗരിയുടെകൂടെ?”
“ചാനല്‍ തുടങ്ങിയതുമുതല്‍.”
കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ബ്രിന്ദയുടെ മനസ്സു പറഞ്ഞു.
“സര്‍ സ്‌ട്രെയ്ന്‍ ചെയ്യാതെ. ഞാനിറങ്ങുന്നു.”

ബ്രിന്ദ പോയിട്ടും ഗിരിധറിന്റെ ചിന്തകള്‍ മഹാഗൗരിയെ ചുറ്റിപ്പറ്റി നിന്നു.
എങ്ങനെയെങ്കിലും അവളെക്കുറിച്ചുളള എല്ലാ വിവരങ്ങളും കണ്ടുപിടിക്കണം അയാള്‍ ഉറപ്പിച്ചു.
പെട്ടെന്ന് ഫോണില്‍ ഒരു മെസ്സേജ്.
“ഗെറ്റ് വെല്‍ സൂണ്‍ ഗിരിധര്‍.”
മഹാഗൗരിയുടെ മെസ്സേജായിരുന്നു അത്. അവളോട് ഒന്ന് സംസാരിക്കണമെന്നു ഗിരിധറിനു തോന്നി..
അയാള്‍ ഡോക്ടറുടെ ഉപദേശം കണക്കാക്കാതെ ഫോണ്‍ കൈയിലെടുത്തു.

തുടരും …

പുഷ്പമ്മ ചാണ്ടി

കോർപ്പറേറ്റ് ഗോഡസ്സ്

Send your news and Advertisements

You may also like

error: Content is protected !!