മോസ്കോ: ബഹിരാകാശത്തുനിന്ന് നിയന്ത്രണംവിട്ട് എത്തിയ ‘കോസ്മോസ് 482’ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ശനി പകൽ 11.54ന് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം ഇൻഡോനേഷ്യയിലെ ജക്കാർത്തയ്ക്ക് പടിഞ്ഞാറ് കടലിൽ പതിക്കുകയായിരുന്നു. റഷ്യൻ ബഹിരാകാശ ഏജൻസി ഇത് സ്ഥിരീകരിച്ചു.
അരനൂറ്റാണ്ടുമുമ്പ് പഴയ സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് അയച്ച പേടകമാണിത്.പേടകം തകരാതെ കടലിൽ വീണു എന്നാണ് നിഗമനം. അഞ്ഞൂറു കിലോഗ്രാം ഭാരമുണ്ട്. തെക്കൻ പസഫിക്ക് സമുദ്രത്തിൽ പതിക്കുമെന്നായിരുന്നു നാസയുടെ പ്രവചനം. ബൈക്കനൂർ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് 1972 മാർച്ച് 31 നാണ് കോസ്മോസ് 482 പേടകം വിക്ഷേപിച്ചത്. ശുക്രനിൽ ഇറങ്ങി ചിത്രങ്ങളെടുക്കലും പര്യവേക്ഷണം നടത്തലുമായിരുന്നു ലക്ഷ്യം. എന്നാൽ ബൂസ്‌റ്റർ തകരാർമൂലം ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് പേടകത്തെ ശുക്രനിലേക്ക് തൊടുത്തുവിടാനായില്ല. ഭൂമിയെ ചുറ്റിക്കൊണ്ടിരുന്ന കോസ്മോസ് 1981-ൽ പൂർണമായും പ്രവർത്തന രഹിതമായി.