കോവിഡ് കാലത്ത് പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോൾ കുറച്ചു കിറ്റുകൾ കൂടുതൽ വിലയ്ക്ക് വാങ്ങേണ്ടിവന്നിരുന്നുവെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ ആയിരുന്നു ശൈലജയുടെ പ്രതികരണം. ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളെ സംരക്ഷിക്കുകയെന്നതായിരുന്നു ആ സമയത്ത് തങ്ങളുടെ ലക്ഷ്യം. ഇത് സംബന്ധിച്ച് ലോകായുക്തക്ക് മുന്നിൽ പരാതി കിട്ടിയപ്പോൾ മുഖ്യമന്ത്രി തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ശൈലജ ചൂണ്ടിക്കാട്ടി. സിഎജിക്ക് വ്യക്തത ലഭിച്ചില്ലെങ്കിൽ സർക്കാർ വ്യക്തത നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. സിഎജി റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുൻപാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു എന്ന് മുൻ ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടിൽ ക്രമക്കേട് നടന്നെന്നാണ് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട്. ഈ ഇടപാടിന്റെ ഭാഗമായി സർക്കാരിന് 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 മാര്‍ച്ച് 28 -ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയതെങ്കിൽ മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. അതായത് രണ്ട് ദിവസത്തിനിടെ കിറ്റ് ഒന്നിന് ആയിരം രൂപയാണ് കൂടിയത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ നടപടിയെന്നും സാൻ ഫാർമ എന്ന കമ്പനിയ്ക്ക് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.