കൊല്ലം പൂരത്തിൽ ആർ എസ് എസ് സ്ഥാപകനായ കേശവ് ബൽറാം ഹെഡ്ഗേവാറിൻ്റെ ചിത്രo ഉപയോഗിച്ചതിൽ പൊലീസ് കേസ് എടുത്തു. റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഉപദേശക സമിതിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. പുതിയകാവ് ഭഗവതി ക്ഷേത്ര ട്രസ്റ്റാണ് രണ്ടാം പ്രതി. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പൂരത്തിനിടയിൽ കുടമാറ്റത്തിനാണ് ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചിരുന്നത്. ക്ഷേത്രത്തിലെ ആചാരചടങ്ങുകൾക്കിടെ രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത് എന്ന് ചൂണ്ടികാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
ഹൈക്കോടതി നിർദ്ദേശത്തിന് വിരുദ്ധമായി ക്ഷേത്രോത്സവത്തിൽ രാഷ്ട്രീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യൂത്ത്കോൺഗ്രസും ഡിവൈഎഫ്ഐയും പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇന്നലെയാണ് ആശ്രാമം മൈതാനത്ത് നടന്ന പൂരത്തിലെ കുടമാറ്റത്തിൽ പുതിയകാവ് ക്ഷേത്രത്തിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയത്.
ശ്രീനാരായണ ഗുരു, ബി ആർ അംബേദ്കർ, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രത്തിനൊപ്പമാണ് ആർഎസ്എസ് നേതാവിൻ്റെ ചിത്രവും കുടമാറ്റത്തിൽ ഇടംപിടിച്ചത്. സച്ചിൻ ടെൻഡുൽക്കറുടെ ചിത്രവും ശിവജിയുടെ ചിത്രവും കുടമാറ്റത്തിൽ ഇടം പിടിച്ചിരുന്നു.