ന്യൂഡൽഹി: വ്യവസായിയിൽ നിന്ന് 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ മുതിർന്ന ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥൻ അമിത് കുമാർ സിംഗാളിനെയും ഇടനിലക്കാരനെയും സി.ബി.ഐ അറസ്റ്റ് ചെയ്‌തു. അമിത് കുമാര്‍ സിംഗാളിന്റെയും സഹായി ഹര്‍ഷ് കൊട്ടക്കിന്റെയും വീട്ടില്‍ നടത്തിയ റെയ്‌ഡിൽ ഒരു കോടി രൂപയും 3.5 കിലോ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് കിലോ വെള്ളിയും പിടിച്ചെടുത്തു.
ഡൽഹിയിലെ ഡയറക്ടറേറ്റ് ഒഫ് ടാക്‌സ്പേയർ സർവീസസ് അഡിഷണൽ ഡയറക്‌ടർ ജനറലാണ് സിംഗാൾ. റവന്യൂ, ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സമീപിച്ച വ്യവസായിയോട് 25 ലക്ഷം രൂപ കൈക്കൂലി സിംഗാൾ ആവശ്യപ്പെട്ടു. തുടർന്ന് വ്യവസായി സി.ബി.ഐ യെ വിവരമറിയിച്ചു. സിംഗാളിന്റെ മൊഹാലിയിലെ വസതിയിലെത്തിയാണ് ഐ.ആർ.എസ് ഉദ്യോഗസ്ഥൻ്റെ ഇടനിലക്കാരനായ ഹർഷ് കൊട്ടകിന് വ്യവസായി ആദ്യതവണയെന്ന നിലയിൽ 25 ലക്ഷം രൂപ നൽകിയത്. തൊട്ടുപിന്നാലെ ഇയാളെ സി.ബി.ഐ പിടികൂടി. തുടർന്ന് സിംഗാളിനെ ഡൽഹി വസന്ത് കുഞ്ചിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തു. ഇയാളുടെ വസതികളിലടക്കം പരിശോധന നടത്തി ഡിജിറ്റൽ തെളിവുകളും രേഖകളും പിടിച്ചെടുത്തു.
ഡല്‍ഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥന് സ്വത്തുക്കളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിവിധ ബാങ്കുകളിലായി 25 ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 2007 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അമിത് കുമാര്‍ സിംഗാള്‍.