Monday, July 21, 2025
Mantis Partners Sydney
Home » കേരളത്തിൽ സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും.
കേരളത്തിൽ സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും.

കേരളത്തിൽ സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും.

by Editor

കൊച്ചി: കേരളത്തിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കം കുറിക്കും. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് സീ പ്ലെയിനിന്റെ ആദ്യ സര്‍വ്വീസ്. കേരളത്തിലെ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചുള്ള സീ പ്ലെയിന്‍ പദ്ധതിയുടെ പരീക്ഷണപ്പറക്കലിനായുള്ള വിമാനം ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് ഡിഹാവിലാന്‍ഡ് എന്ന കനേഡിയന്‍ കമ്പനിയുടെ ഈ സീ പ്‌ളെയിന്‍ ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ പറന്നിറങ്ങും. പരീക്ഷണ പറക്കലിന്റെ ഔദ്യോഗിക ഫ്‌ളാഗ് ഓഫ് തിങ്കളാഴ്ച രാവിലെ 9.30-ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ശേഷം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമിലേക്ക് വിമാനം പറക്കും. മാട്ടുപ്പെട്ടിയുടെ ജലനിരപ്പിലിറങ്ങുന്ന വിമാനത്തെ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

ആംഫീബിയന്‍ വിമാനങ്ങളുപയോഗിച്ചുള്ള ഉള്‍നാടന്‍ ഗതാഗതത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് പരീക്ഷണ പറക്കലിനുള്ള സൗകര്യമൊരുക്കുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ എട്ട് വാട്ടര്‍ ഡ്രോമുകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവളം, കുമരകം, ബാണാസുര സാഗര്‍, മാട്ടുപ്പെട്ടി എന്നീ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന സീ പ്‌ളെയിന്‍ ടൂറിസം സര്‍ക്യൂട്ടാണ് പരിഗണനയിലുള്ളത്.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. വലിയ ജനാലകള്‍ ഉള്ളതിനാല്‍ കാഴ്ചകള്‍ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയര്‍ സ്ട്രിപ്പുകള്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകര്‍ഷണീയതയാണ്. സീ പ്‌ളെയിന്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍ മാലദ്വീപിനു സമാനമായ ടൂറിസം കേന്ദ്രമായി കേരളം മാറുമെന്ന് ട്രാന്‍സ്പോര്‍ട്ട്, ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. നദികള്‍, കായലുകള്‍, ഡാമുകള്‍ എന്നിവ ഉപയോഗപ്പെടുത്തി എല്ലാ ജില്ലകളെയും സീ പ്‌ളെയിന്‍ മുഖാന്തരം ബന്ധപ്പെടുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!