Friday, October 17, 2025
Mantis Partners Sydney
Home » കേരളം സമര്‍പ്പിച്ച 2 ടൂറിസം പദ്ധതികൾക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്
കേരളം സമര്‍പ്പിച്ച 2 ടൂറിസം പദ്ധതികൾക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളം സമര്‍പ്പിച്ച 2 ടൂറിസം പദ്ധതികൾക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

by Editor

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്.

ഒന്നാം ഗഡുവായി 10 ശതമാനം തുക അനുവദിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര മോണിറ്ററിംഗ് കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷമാണ് ആലപ്പുഴ പദ്ധതിക്ക് 9.31 കോടി രൂപയും മലമ്പുഴ പദ്ധതിക്ക് 7.58 കോടി രൂപയും അനുവദിച്ചിരിക്കുന്നത്. ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ എന്ന പദ്ധതിക്ക് 9317.17 ലക്ഷം രൂപയും മലമ്പുഴ ഉദ്യാനവും പാര്‍ക്കും മോടിപിടിപ്പിക്കുന്നതിന് 7,587.43 ലക്ഷം രൂപയുമാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.

ആലപ്പുഴയിലെയും മലമ്പുഴയിലെയും പുതിയ ടൂറിസം പദ്ധതികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി കേരള ടൂറിസത്തെ സംബന്ധിച്ച് വലിയ നേട്ടമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആലപ്പുഴയിലെ ജലാശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതിയില്‍ ബീച്ച് ഫ്രണ്ട് വികസനം, കനാല്‍ പരിസര വികസനം, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍, സാംസ്‌കാരിക-സാമൂഹ്യ പരിപാടികള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

തീം പാര്‍ക്കുകള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, മെച്ചപ്പെട്ട സൗകര്യങ്ങള്‍, സുസ്ഥിര മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയുടെ വികസനമാണ് മലമ്പുഴയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 മാര്‍ച്ച് 31 -ന് മുമ്പ് രണ്ട് പദ്ധതികളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

Send your news and Advertisements

You may also like

error: Content is protected !!