ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2025-26 വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇതിന്‍റെ ഭാഗമായി ലോക്സഭയിൽ രാവിലെ 11 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും. മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്. ഇതോടെ തുടര്‍ച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ എട്ട് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന അപൂര്‍വതയുമുണ്ട്.
മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും പ്രണബ് മുഖര്‍ജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇടത്തരക്കാർക്കും പിന്നാക്ക വിഭാഗത്തിനും പരിഗണന നൽകുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുക എന്നാണ് സൂചന. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നൽകുന്നത് ഈ സൂചനയാണ്. ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി നൽകിയ സൂചനയും ഇടത്തരക്കാരെ സംബന്ധിച്ച് ശുഭകരമാണ്.
നിക്ഷേപകരും പൊതുജനങ്ങളും ഉറ്റുനോക്കുന്ന ഈ ബജറ്റിൽ പണപ്പെരുപ്പ നിയന്ത്രണം, തൊഴിലവസരങ്ങൾ, കാർഷിക രംഗം, സ്റ്റാർട്ടപ്പ് മേഖല, നികുതി ഇളവുകൾ എന്നിവയെ കുറിച്ചുള്ള നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതിയിളവുകളാണ് രാജ്യത്തെ കച്ചവടക്കാരും ഇടത്തരക്കാരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഹൗസിങ് ലോണുകളിൽ അടക്കം പലിശയിളവ് വേണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ പലിശ നിരക്കുകളിൽ ഇളവ് വേണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ധനകാര്യ മന്ത്രി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.