Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് മോശം പരാമര്‍ശം: മധ്യപ്രദേശ് മന്ത്രിക്കെതിരെ കേസ്; മാപ്പു പറയാൻ തയ്യാറെന്ന് മന്ത്രി.
കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് മോശം പരാമര്‍ശം: മധ്യപ്രദേശ് മന്ത്രിക്കെതിരെ കേസ്; മാപ്പു പറയാൻ തയ്യാറെന്ന് മന്ത്രി.

കേണൽ സോഫിയ ഖുറേഷിയെ കുറിച്ച് മോശം പരാമര്‍ശം: മധ്യപ്രദേശ് മന്ത്രിക്കെതിരെ കേസ്; മാപ്പു പറയാൻ തയ്യാറെന്ന് മന്ത്രി.

by Editor
Send your news and Advertisements

ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീർത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കുന്‍വര്‍ വിജയ് ഷാക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു, ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ശിക്ഷാ നിയമത്തിലെ 152, 196(1)(ബി), 197(1)(സി) വകുപ്പുകള്‍ ചേര്‍ത്താണ് വിജയ് ഷാക്കെതിരെ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.

വിജയ് ഷായ്‌ക്കെതിരെ വ്യാപക പ്രതിഷേധം രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം ഉയര്‍ന്നതോടെ സ്വമേധയാ കേസെടുത്ത മധ്യപ്രദേശ് ഹൈക്കോടതി, മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. മന്ത്രിയുടെ പരാമര്‍ശങ്ങള്‍ നിന്ദ്യവും സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ ശേഷിയുള്ളതുമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിജയ് ഷായെ സംസ്‌ഥാന മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ ഗോത്രകാര്യ മന്ത്രിയായ വിജയ് ഷാ ചൊവ്വാഴ്ച മൗവിലെ ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിക്കവേയാണ് കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് അപകീർത്തികരവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘പാക് ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം മായ്ച്ചു. ഭീകരവാദികൾ ഹിന്ദുക്കളെ വിവസ്ത്രരാക്കി കൊലപ്പെടുത്തി. എന്നാല്‍ മോദിജി അവരുടെ തന്നെ സഹോദരിയെ അങ്ങോട്ടേക്കയച്ച് പ്രതികാരം ചെയ്യു, അങ്ങനെ പാകിസ്ഥാനെ പാഠം പഠിപ്പിച്ചു’– എന്നുമായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.

സംഭവം വിവാദമായതോടെ മാപ്പു പറയാൻ തയ്യാറാണെന്നു പറഞ്ഞു മന്ത്രി വീണ്ടും പ്രസ്താവനയിറക്കി. “സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ നമുക്ക് കഴിയില്ല. എൻ്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ്”– എന്ന് മന്ത്രി പിന്നീട് പറഞ്ഞു.

വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്‌ഥരോടൊപ്പം ഓപ്പറേഷൻ സിന്ദുറിൻ്റെ വിവരങ്ങൾ മാധ്യമങ്ങളോടു വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങുമായിരുന്നു.

You may also like

error: Content is protected !!