വത്തിക്കാൻ സിറ്റി: അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യു.എസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിനെതിരേ കടുത്ത വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന മുന്നറിയിപ്പ് നൽകിയ ഫ്രാൻസിസ് മാർപാപ്പ അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും കത്തിൽ പറഞ്ഞു. നിയമവിരുദ്ധമായി താമസിക്കുന്നു എന്നതിന്റെ പേരിൽമാത്രം കുടിയേറ്റക്കാരെ ബലംപ്രയോഗിച്ച് നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ ഇല്ലായ്മ ചെയ്യുമെന്നും മാർപാപ്പ പറഞ്ഞു.
മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയെ, മുൻപും മാർപാപ്പ വിമർശിച്ചിരുന്നു. കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നായിരുന്നു മാർപാപ്പയുടെ വാക്കുകൾ. മെക്‌സിക്കോയുമായുള്ള യുഎസ് അതിർത്തിയിൽ വേലി കെട്ടാനുള്ള ട്രംപിന്‍റെ പദ്ധതിയെ വിമർശിച്ചുകൊണ്ടു, “മതിലുകൾക്കു പകരം സമൂഹങ്ങൾ തമ്മിലുള്ള പാലങ്ങൾ നിർമിക്കണം” എന്ന് 2017 ൽ ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നു.