ഏറ്റവും ഉയരമുള്ള മനുഷ്യ പിരമിഡ് നിർമ്മിച്ച കരസേനയുടെ മോട്ടോർസൈക്കിൾ റൈഡർ ഡിസ്പ്ലേ ടീമിന് ലോക റെക്കോർഡ്. സൈന്യത്തിന്റെ ഡെയർഡെവിൾസ് ടീമാണ് മോട്ടോർ സൈക്കിൾ റൈഡിനിടെ ഏറ്റവും ഉയരമുള്ള മനുഷ്യ പിരമിഡ് നിർമ്മിച്ചത്. ഏഴ് മോട്ടോർ സൈക്കിളുകളിലായി 40 പേർ ഉൾപ്പെടുന്ന 20.4 അടി ഉയരമുള്ള പിരമിഡാണ് സൈനികർ നിർമ്മിച്ചത്. വിജയ് ചൗക്ക് മുതൽ ഇന്ത്യ ഗേറ്റ് വരെ കർത്തവ്യ പഥിലൂടെ 2 കിലോമീറ്റർ ദൂരം മനുഷ്യ പിരമിഡ് നിർമ്മിച്ച് സഞ്ചരിക്കുകയും ചെയ്തു. വിജയ് ചൗക്കിൽ കോർപ്സ് ഓഫ് സിഗ്നൽ സേനയുടെ തലവൻ ലെഫ്റ്റനന്റ് ജനറൽ കെവി കുമാറാണ് പ്രകടനം ഫ്ലാഗ് ഓഫ് ചെയ്തത്.
‘ഡെയർഡെവിൾസ്’ എന്നറിയപ്പെടുന്ന മോട്ടോർസൈക്കിൾ റൈഡർ ഡിസ്പ്ലേ ടീം കരസേനയുടെ കോർപ്സ് ഓഫ് സിഗ്നൽസിൽ ഉൾപ്പെട്ടവരാണ്. മുൻപും നിരവധി നേട്ടങ്ങളും ബഹുമതികളും ഈ സൈനിക സംഘം കൈവരിച്ചിട്ടുണ്ട്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയുൾപ്പെടെ 33 ലോക റെക്കോർഡുകൾ ഇതിനോടകം ഡെയർഡെവിൾസിന്റെ പേരിലുണ്ട്.