ഇറാന്റെ സഹായത്തോടെ പ്രവർത്തിച്ചിരുന്നുവെന്ന് കരുതുന്ന സിറിയയിയിലെ ഭൂഗർഭ മിസൈൽ നിർമ്മാണ കേന്ദ്രം ഇസ്രായേലി കമാൻഡോകൾ തകർത്തു. മൂന്നു മണിക്കൂർ നീണ്ടുനിന്ന സൈനിക ഓപ്പറേഷന്റെ അവസാനം താവളം തകർത്ത് ഇസ്രയേൽ സൈന്യം മടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 120 പേരടങ്ങിയ കമാൻഡോ സംഘമാണ് ഓപ്പറേഷൻ മെനി വേസ് എന്ന പേരിട്ട ഓപ്പറേഷൻ 2024 സെപ്റ്റംബർ 8 -ന് നടപ്പിലാക്കിയതെന്ന് ഇസ്രായേൽ അറിയിച്ചു. കിഴക്കൻ സിറിയയിലെ മസ്യാഫ് മേഖലയില്‍ ഇറാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മിസൈൽ നിർമാണ കേന്ദ്രമായിരുന്നു ഇസ്രയേൽ കമാൻഡോകൾ ലക്ഷ്യമിട്ടതു.
സിറിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശക്തമായ പ്രദേശത്തായിരുന്നു മിസൈൽ ഉൽപാദന കേന്ദ്രം. സിറിയയ്ക്കും ലെബനനിലെ സായുധസംഘമായ ഹിസ്ബുല്ലയ്ക്കും മിസൈലുകൾ നൽകാനാണ് ഇറാൻ കേന്ദ്രം ആരംഭിച്ചതെന്ന് ഇസ്രയേൽ പറയുന്നു. കേന്ദ്രത്തിന്റെ നിർമാണം 2017-ൽ തുടങ്ങിയെന്നാണ് ഇസ്രയേൽ സൈന്യം കണ്ടെത്തിയത്. വർഷങ്ങളുടെ നിരന്തര നീരീക്ഷണത്തിനും ആസൂത്രണത്തിനും ഒടുവിലാണ് സൈനിക താവളം തകർക്കാൻ ഇസ്രയേൽ തീരുമാനിച്ചത്. ഓപ്പറേഷനിൽ ഇസ്രായേൽ സൈന്യത്തിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. 100 ഷാൽദാഗ് കമാൻഡോകളും 20 യൂണിറ്റ് 669 മെഡിക്‌സും നാല് CH-53 യാസുർ ഹെവി ട്രാൻസ്‌പോർട്ട് ഹെലികോപ്റ്ററുകളിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. AH-64 ആക്രമണ ഹെലികോപ്റ്ററുകൾ, 21 യുദ്ധവിമാനങ്ങൾ, അഞ്ച് ഡ്രോണുകൾ, 14 രഹസ്യാന്വേഷണ വിമാനങ്ങൾ എന്നിവയുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍. സിറിയൻ റഡാർ ഒഴിവാക്കാൻ മെഡിറ്ററേനിയൻ മുകളിലൂടെയാണ് സംഘം എത്തിയത്. കമാൻഡോകൾ മൂന്ന് മണിക്കൂറിനുള്ളിൽ ദൗത്യം പൂർത്തിയാക്കി അതേ ഹെലികോപ്റ്ററിൽ തന്നെ മടങ്ങി. ഓപ്പറേഷനിൽ ഏകദേശം 30 സിറിയൻ ഗാർഡുകളും സൈനികരും കൊല്ലപ്പെട്ടതായി ഐഡിഎഫ് റിപ്പോർട്ട് ചെയ്തു.