അഡലൈഡ്: അറസ്റ്റിനിടെ പൊലീസ് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുകയും തല കാറിൽ ഇടിക്കുകയും ചെയ്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് റോയൽ അഡലൈഡ് ഹോസ്പിറ്റലിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വംശജന്‍ മരിച്ചു. 42-കാരനായ ഗൗരവ് കുന്ദിയാണ് മരിച്ചത്. പൊലീസിന്റെ ആക്രമണത്തില്‍ ഗൗരവിന്റെ തലച്ചോറിന് സാരമായ പരിക്കേറ്റിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. രണ്ടാഴ്ചയോളമായി ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ഗൗരവിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഗൗരവിന്റെ മരണം കസ്റ്റഡി മരണം എന്ന നിലയില്‍ അന്വേഷിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. മേജര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് മരണകാരണവും സാഹചര്യവും വിശദമായി അന്വേഷിക്കും. ഇതിന് ശേഷം സ്റ്റേറ്റ് കോറോണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച അന്വേഷണത്തിന് പബ്ലിക് ഇന്റഗ്രിറ്റി ഓഫീസ് മേല്‍നോട്ടം വഹിക്കുമെന്നും പൊലീസ് വ്യക്തമാക്കി.