ലണ്ടൻ: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജേതാക്കളായി ദക്ഷിണാഫ്രിക്ക. മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് കിരീടം നേടിയത്. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നത്. 1998- ൽ നേടിയ ചാംപ്യൻസ് ട്രോഫി കിരീടം മാത്രമായിരുന്നു അവരുടെ ഏക ഐസിസി ട്രോഫി. ഹാൻസി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന അനശ്വര നേട്ടത്തിൽ ക്യാപ്റ്റൻ ടെംബ ബവുമ കൈയൊപ്പു ചാർത്തി.
ഒന്നാം ഇന്നിങ്സിൽ 212 റൺസിൽ പുറത്തായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് വെറും 138 റൺസിൽ അവസാനിപ്പിച്ച് 74 റൺസ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് 207 റൺസിൽ അവസാനിപ്പിക്കാൻ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വയ്ക്കുകയും ചെയ്‌തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റൺസ് കണ്ടെത്തിയാണ് ലോർഡ്‌സിൽ ചരിത്രമെഴുതിയത്.
മൂന്ന് ദിവസം മുന്നിൽ നിൽക്കെ ഏറെ കരുതലോടെ ബാറ്റ് വീശിയാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഓപ്പണർ എയ്‌ഡൻ മാർക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റൻ ടെംബ ബവുമ നേടിയ അർധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കൻ ജയത്തിൻ്റെ അടിത്തറ. ഓപ്പണറായി ഇറങ്ങി ഒന്നാം ഇന്നിങ്സിൽ പൂജ്യത്തിൽ മടങ്ങേണ്ടി വന്ന മാർക്രം രണ്ടാം ഇന്നിങ്സിൽ ക്ലാസ് ശതകവുമായി ഒരറ്റം കാത്താണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. വിജയത്തിനു ആറ് റൺസ് അകലെയാണ് താരം 136 റൺസ് സ്വന്തമാക്കി മടങ്ങിയത്. എട്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് 14 ഫോറുകൾ സഹിതമാണ് മാർക്രം എത്തിയത്. കളി ജയിക്കുമ്പോൾ 21 റൺസുമായി ഡേവിഡ് ബഡിങ്ഹാമും നാല് റൺസുമായി കെയ്ൽ വരെയ്‌നുമായിരുന്നു ക്രീസിൽ. ബവുമ 66 റൺസെടുത്തു മടങ്ങി. വിയാൻ മൾഡർ (27), റിയാൻ റിക്കൽടൻ (6), ട്രിസ്റ്റൻ സ്റ്റബ്സ് (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റുകൾ വീഴ്ത്തി. കമ്മിൻസ്, ഹെയ്‌സൽവുഡ് എന്നിവർ ഓരോ വിക്കറ്റെടുത്തു. 74 റൺസിന്റെ നിർണായക ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസ് 28 റൺസ് വരെ വലിയ പ്രശ്നമില്ലാതെ പോയി. എന്നാൽ 28 റൺസിൽ തുടരെ രണ്ട് വിക്കറ്റുകൾ വീണത് അവർക്ക് തിരിച്ചടിയായി. പിന്നീട് വിക്കറ്റുകൾ കൊഴിയുന്ന കാഴ്ചയായിരുന്നു. ഒരു ഘട്ടത്തിൽ ഓസീസ് 100 കടക്കുമോ എന്നു പോലും സംശയിച്ചു. മുൻനിര ബാറ്റർമാരെല്ലാം അതിവേഗം മടങ്ങിയപ്പോൾ അവർ 7 വിക്കറ്റ് നഷ്‌ടത്തിൽ 73 റൺസെന്ന പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തി. എന്നാൽ എട്ടാം വിക്കറ്റിലെ വീരോചിത ചെറുത്തു നിൽപ്പുമായി അലക്‌സ് കാരിയും മിച്ചൽ സ്റ്റാർക്കും ചേർന്നു പോരാട്ടം പ്രോട്ടീസ് പാളയത്തിലേക്ക് നയിച്ചതോടെ ഓസീസിനു അൽപ്പം ആശ്വാസമായി. സഖ്യം സ്കോർ 100 കടത്തുകയും ലീഡ് 200 കടത്തിയുമാണ് പിരിഞ്ഞത്. ഇരുവരും ചേർന്ന് ഉയർത്തിയത് 61 റൺസിന്റെ വിലപ്പെട്ട റൺസുകൾ. സ്കോർ 134-ൽ നിൽക്കെ അലക്‌സ് കാരി മടങ്ങി. താരം 43 റൺസാണ് എടുത്തത്. പിന്നീട് മിച്ചൽ സ്റ്റാർക്ക് ജോഷ് ഹെയ്‌സൽവുഡിനെ കൂട്ടുപിടിച്ചു നടത്തിയ ചെറുത്തു നിൽപ്പും നിർണായകമായി. ഇരുവരും ചേർന്ന് പത്താം വിക്കറ്റിൽ 59 റൺസും ചേർത്തു. മിച്ചൽ സ്റ്റാർക്കാണ് രണ്ടാം ഇന്നിങ്സിൽ ടീമിൻ്റെ ടോപ് സ്കോററായത്. താരം 58 റൺസെടുത്തു. ഹെയ്‌സൽവുഡ് 53 പന്തുകൾ ചെറുത്ത് 17 റൺസും കണ്ടെത്തി.
ആദ്യ ഇന്നിങ്സിൽ 5 ഓസീസ് വിക്കറ്റുകൾ പിഴുത കഗിസോ റബാഡ രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റുകൾ വീഴ്ത്തി നേട്ടം ഒൻപതാക്കി ഉയർത്തി. റബാഡയ്‌ക്കൊപ്പം രണ്ടാം ഇന്നിങ്സിൽ ലുൻഗി എൻഗിഡിയും ഓസീസിനെ വിറപ്പിച്ചു. താരവും 3 വിക്കറ്റുകൾ വീഴ്ത്തി. മാർക്കോ യാൻസൻ, വിയാൻ മൾഡർ, എയ്ഡൻ മാർക്രം എന്നിവർ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസീസിനെ ഒന്നാം ഇന്നിങ്സിൽ കഗിസോ റബാഡയാണ് വെള്ളം കുടിപ്പിച്ചത്. പ്രോട്ടീസിനായി റബാഡ 5 വിക്കറ്റുകളും മാർക്കോ യാൻസൻ 3 വിക്കറ്റുകളും നേടി. ശേഷിച്ച രണ്ട് വിക്കറ്റുകൾ സ്‌പിന്നർമാരായ കേശവ് മഹാരാജും എയ്‌ഡൻ മാർക്രവും നേടി. മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 30 റൺസ് ചേർക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടപ്പെട്ട് പരുങ്ങിയിരുന്നു. മിച്ചൽ സ്റ്റാർക്ക് രണ്ടും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്‌സൽവുഡ് എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ ദിനത്തിൽ വീണ 14-ൽ 12 വിക്കറ്റുകളും പേസ് ബൗളർമാർ സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിൽ ഓസീസിനായി ബ്യൂ വെബ്സ്റ്ററും മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്‌മിത്തും അർധ സെഞ്ച്വറികൾ നേടി. മറ്റാരും കാര്യമായി പൊരുതിയില്ല. വെബ്സ്റ്റർ 72 റൺസും സ്‌മിത്ത് 66 റൺസും കണ്ടെത്തി.