വാഗമൺ: ഓഫ് റോഡ് മികവ് കാണിക്കാൻ സമുദ്ര നിരപ്പിൽ നിന്ന് 3937 അടി ഉയരത്തിലുള്ള വാഗമണ്ണിലെ ആനപ്പാറയുടെ മുകളിൽ ടാറ്റയുടെ പുതിയ ഇലക്ട്രിക് എസ്‍യുവി ഹാരിയർ ഇവി നിഷ്പ്രയാസം ഓടിച്ച് കയറ്റി. അത്യന്തം അപകടം പിടിച്ച പാറയുടെ മുകളിൽ വാഹനം കയറിയതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഹാരിയർ ഇവി ജൂൺ 3-ന് പുറത്തിറങ്ങാനിരിക്കവെയാണ് വീഡിയോ ടാറ്റ പുറത്തുവിട്ടത്.
വ്യത്യസ്‌ത ടെറൈനുകളിലൂടെയാണ് ഹാരിയർ ഇവി ഓടുന്നതെന്നു വിഡിയോയിൽ ദൃശ്യമാണ് 34 ഡിഗ്രി ചരിവും ഇരുഭാഗവും കൊക്കയുള്ള ആനപ്പാറയിലേയ്ക്കാണ് അതിസാഹസികമായി ഹാരിയർ കയറിപോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓഫ് റോഞ്ച് മത്സരമായ ആർഎഫ്‌സി വിജയിയായ ഡോ. മുഹമ്മദ് ഫഹദ് ആണ് ഈ സാഹസിക യാത്രയ്ക്ക് വളയം പിടിച്ചത്. ഓഫ്-റോഡ് അസിസ്‌റ്റ്, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ എന്നിവയുടെ ഉപയോഗവും വിഡിയോയിൽ കാണിക്കുന്നുണ്ട്.
ടാറ്റയുടെ ആദ്യത്തെ മിഡ്സൈസ് ഇലക്ട്രിക് എസ്‌യുവിയാണ് ഹാരിയർ ഇവി. ടാറ്റ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന റേഞ്ചുള്ള മോഡലായിരിക്കും ഹാരിയർ ഇവി. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും.