പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിരവധി ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു. എന്നാൽ, ഇന്ത്യൻ സേന പുറത്തുവിട്ടതിനേക്കാളേറെ കൂടിയ പ്രഹരം പാക്കിസ്ഥാന് ഏറ്റതായി പാക് രേഖകൾ തന്നെ വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യം പറഞ്ഞതിനേക്കാൾ എട്ടിലേറെ ലക്ഷ്യസ്ഥാനങ്ങളിൽ ഇന്ത്യ ആക്രമിച്ചതായാണ് പാക് രേഖകൾ വ്യക്തമാക്കുന്നത്. പെഷവാർ, ഝാങ്, സിന്ധിലെ ഹൈദരാബാദ്, പഞ്ചാബിലെ ഗുജറാത്, ഗുജ്റൻവാല, ഭവാൽനഗർ, അറ്റോക്ക്, ചോർ തുടങ്ങിയിടങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയതായി പുറത്തുവിട്ട ഭൂപടം അടക്കമുള്ള രേഖകളിൽ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിലെ ആക്രമണം സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ സേന പുറത്തുവിട്ടിരുന്നില്ല.
ആദ്യ ദിവസത്തെ ഇന്ത്യൻ ആക്രമണങ്ങൾക്കു മറുപടിയായി ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ തൊടുത്തുവിട്ട ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും വ്യോമസേന തകർത്തു. അതിനു ശേഷം ഉണ്ടായ ഇന്ത്യൻ ആക്രമണം പ്രതീക്ഷിച്ചതിലും വലിയ നാശമാണ് പാക്കിസ്ഥാന് നൽകിയതെന്നതാണ് വിവരം. ഇന്ത്യൻ വ്യോമസേന വിക്ഷേപിച്ച ക്രൂയിസ് മിസൈലുകൾ, ഉപരിതല മിസൈലുകൾ എന്നിവയാണ് പാക്ക് വ്യോമസേനയെ നിഷ്പ്രഭമാക്കിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ആക്രമണത്തിൽ 6 പാക്ക് എയർഫോഴ്‌സ് യുദ്ധവിമാനങ്ങൾ, രണ്ട് ഹൈവാല്യു വിമാനങ്ങൾ, 10-ലധികം യുസിഎവികൾ (അൺമാൻഡ് കോംപാക്ട് ഏരിയൽ വെഹിക്കിൾ), ഒരു സി-130 ട്രാൻസ്പോർട്ട് വിമാനം എന്നിവ തകർക്കപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണം നടന്ന മേഖലയിൽ മറ്റ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതിൽ എത്രയെണ്ണം തകർക്കപ്പെട്ടുവെന്ന കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
പാക്കിസ്ഥാൻ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങൾ ആകാശത്ത് വച്ചു തന്നെയാണ് ഇന്ത്യൻ വ്യോമസേന വെടിവച്ചിട്ടത്. നാല് ദിവസം നീണ്ടുനിന്ന പോരാട്ടത്തിനിടെ, എയർ ടു സർഫേസ് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ബൊളാരി വ്യോമതാവളത്തിൽ ആക്രണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഒരു സ്വീഡിഷ് നിർമിത എഇഡബ്ള്യുസി വിമാനം കൂടി പാക്കിസ്ഥാന് നഷ്ടപ്പെട്ടതായും സൈനിക വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ഡ്രോൺ ആക്രമണങ്ങളിലൊന്നിലാണ് പാക്കിസ്ഥാൻ വ്യോമസേനയ്ക്ക് ഒരു സി -130 ട്രാൻസ്പോർട്ട് വിമാനം നഷ്ടപ്പെട്ടത്. റഫാൽ, സുഖോയ്-30 ജെറ്റുകൾ നടത്തിയ നടത്തിയ ആക്രമണത്തിൽ, പാക്കിസ്‌ഥാൻ്റെ ചൈനീസ് നിർമിത ഡ്രോണുകളെ വ്യാപകമായി നശിപ്പിച്ചുവെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. സംഘർഷത്തിനിടെ ശേഖരിച്ച വലിയ അളവിലുള്ള ഡേറ്റയുടെ വിശകലനം ഇന്ത്യൻ വ്യോമസേന ഇപ്പോഴും നടത്തിവരികയാണെന്നും വൃത്തങ്ങൾ പറഞ്ഞു.
പാക്കിസ്ഥാനുനേരെ ഇന്ത്യൻ സൈന്യം നടത്തിയ ഈ കനത്ത പ്രഹരവും അതുണ്ടാക്കിയ നാശനഷ്‌ടങ്ങളുമാണ് ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വെടിനിർത്തൽ അഭ്യർഥനയുമായി പാക് അധികൃതർ ഇന്ത്യയെ സമീപിക്കാൻ കാരണമെന്നാണ് സൂചന.
പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തതെന്ന് സൈന്യം വ്യക്തമാക്കിയിരുന്നത്.