പത്തനംതിട്ട: പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘയുടെ വീട് കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. മേഘയുടെ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് കുടുംബത്തിന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നീക്കുമെന്ന് മേഘയുടെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു.
പത്തനംതിട്ട അതിരുങ്കലിലെ മേഘയുടെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന്റെ ആശങ്കകൾ ആരാഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്നാണ് മേഘയുടെ പിതാവ് മധുസൂദനൻ പറയുന്നത്. മേഘയുടെ ആൺസുഹൃത്തായ മലപ്പുറം എടപ്പാൾ സ്വദേശി ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനെതിരെയാണ് കുടുംബത്തിന്റെ ആരോപണം. മകളുടെ ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങൾ പരിശോധിച്ചതിൽനിന്ന് സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്ന വിവരം വ്യക്തമായിരുന്നെന്നും കുടുംബം പറഞ്ഞു.
സംഭവത്തിൽ പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഒളിവിൽ പോയതായി പൊലീസ് സ്‌ഥിരീകരിച്ചിരുന്നു. ഓഫിസിലും മലപ്പുറത്തെ വീട്ടിലും തിരച്ചിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോൺ ഓഫാണെന്നും പൊലീസ് അറിയിച്ചു. മേഘയെ അവസാനമായി ഫോണിൽ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അന്വേഷണതിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വീഴ്ചപറ്റിയെന്നാണ് പിതാവ് മധുസൂദനൻ ആരോപിക്കുന്നത്.
ഇമിഗ്രേഷൻ ഉദ്യോഗസ്ഥയായ 25-കാരി ട്രെയിൻ തട്ടി മരിച്ച നിലയിൽ.